ആലപ്പുഴ : മഴുകൊണ്ട് അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയ നക്ഷത്രയുടെ സംസ്കാരം വൈകിട്ട് മൂന്നിന് മാതാവിന്റെ വസതിയായ പത്തിയൂർ തൃക്കാർത്തികയിൽ നടക്കും. ഇന്നലെ രാവിലെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. നക്ഷത്രയുടെ മാതാവ് വിദ്യ മൂന്ന് വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അമ്മയെ അടക്കിയത് ഇവിടെയാണ്.അപ്പൂപ്പൻ ലക്ഷ്മണനും അമ്മൂമ്മ രാജശ്രീയുമാണ് ഇപ്പോൾ ഇവിടെ താമസം. അമ്മാവൻ വിഷ്ണുവിന് ഗൾഫിലാണ് ജോലി. ഇന്ന് നാട്ടിലെത്തും.
അതേസമയം, മഹേഷ് മൂന്ന് പേരെ കൊല്ലാൻ പദ്ധതിയിട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. മകൾ നക്ഷത്രയെ കൂടാതെ അമ്മ സുനന്ദ, വിവാഹം ആലോചിച്ച പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊല്ലാൻ പദ്ധതിയിട്ടത്. പൊലീസ് ഉദ്യോഗസ്ഥ വിവാഹത്തിൽ നിന്ന് പിന്മാറിയതാണ് അവരോടുള്ള പകയ്ക്ക് കാരണം. പുന്നംമൂട് ചന്തയ്ക്ക് കിഴക്ക് ഭാഗത്തുള്ള ചെല്ലപ്പൻ എന്നയാളിനെ കൊണ്ടാണ് നക്ഷത്രയെ കൊല്ലാനുള്ള മഴു പണിയിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. ഓൺലൈനായി വാങ്ങാൻ ആയിരുന്നു ആദ്യം ശ്രമിച്ചത്. എന്നാൽ പിന്നീട് തീരുമാനം മാറ്റി. ഇന്നലെ ജയിലിൽ വച്ച് ശ്രീമഹേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. മാവേലിക്കര സബ് ജയിലിലെ ബാത്ത് റൂമിൽ വൈകിട്ട് 6.45ന് ബ്ലേഡ് കൊണ്ട് കഴുത്തും ഇടത് കൈത്തണ്ടയും മുറിക്കുകയായിരുന്നു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ശ്രീമഹേഷിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഭാര്യാ സഹോദരൻ വിഷ്ണുവും രംഗത്തെത്തി സഹോദരി വിദ്യ ആത്മഹത്യ ചെയ്തത് ശ്രീമഹേഷിന്റെ പീഡനം മൂലമാണെന്നും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കുമെന്നും വിഷ്ണു ഒരു ടെലിഫോൺ അഭിമുഖത്തിൽ പറഞ്ഞു. വിദ്യയെ മാനസികമായും ശാരീരികമായും മഹേഷ് ഉപദ്രവിച്ചിരുന്നുവെന്നും ഇയാൾക്കെതിരെ മുമ്പ് പൊലീസിൽ പരാതി നൽകിയിരുന്നുവെന്ന് വിഷ്ണു വ്യക്തമാക്കി.