ചണ്ഡീഗഡ്: ഹരിയാനയുടെ പുതിയ മുഖ്യമന്ത്രിയായി ബിജെപിയുടെ നായബ് സിങ് സൈനി ചുമതലയേൽക്കും . ലോക്സഭാ സീറ്റിനെ ചൊല്ലി ബിജെപിയും ജൻനായക് ജനതാ പാർട്ടിയും (ജെജെപി) തർക്കം രൂക്ഷമായതോടെ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ രാജി വെച്ചിരുന്നു . സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയോടെയാണ് ബിജെപി വീണ്ടും സർക്കാർ രൂപീകരിക്കുന്നത്.
വൈകിട്ട് 4ന് നായബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. കുരുക്ഷേത്രയിൽ നിന്നുള്ള എംപിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കൂടിയായ നായബ്. ഖട്ടാറിനെ കർണ മണ്ഡലത്തിൽനിന്ന് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്നാണ് വിവരം. അഞ്ച് ജെജെപി എംഎൽഎമാർ ബിജെപിയിൽ ചേർന്നതായും വിവരമുണ്ട്. 90 അംഗ ഹരിയാന നിയമസഭയിൽ ബിജെപിക്ക് 41, കോൺഗ്രസിന് 30, ജെജെപിക്ക് 10 എന്നിങ്ങനെയാണ് എംഎൽഎമാരാണുള്ളത്. ഏഴു പേർ സ്വതന്ത്രരാണ്, ഇന്ത്യൻ നാഷണൽ ലോക്ദൾ (ഐഎൻഎൽഡി), ഹരിയാന ലോക്ഹിത് പാർട്ടി (എച്ച്എൽപി) എന്നിവർക്ക് ഓരോ എംഎൽഎ വീതവും ഉണ്ട്. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്. 10 സീറ്റുള്ള ജെജെപിയുമായി ചേർന്നായിരുന്നു ബിജെപി മന്ത്രിസഭ രൂപീകരിച്ചത്.
രണ്ട് ലോക്സഭ മണ്ഡലങ്ങൾ വേണമെന്ന് ലോക്സഭ മണ്ഡലങ്ങൾ വേണമെന്ന് ജെജെപി ആവശ്യമുന്നയിച്ചതോടെയാണ് സഖ്യത്തിൽ തർക്കമുണ്ടായത്. 2019ലെ ഹരിയാനയിലെ പത്തും ലോക്സഭാ സീറ്റിലും ബിജെപിയാണ് വിജയിച്ചത്. എന്നാൽ ഇത്തവണ ജെജെപി രണ്ടു സീറ്റ് ആവശ്യപ്പെട്ടതോടെയാണ് തർക്കം ഉണ്ടായത്.