തിരുവനന്തപുരം : ജയതിലകിനും പ്രസ് ക്ലബ്ബിനും മാധ്യമങ്ങൾക്കും എതിരെ രൂക്ഷ വിമർശനവുമായി എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ്. മാധ്യമങ്ങളും ഐഎഎസ് ഉദ്യോഗസ്ഥരും തമ്മിൽ ബാന്ധവമെന്ന് പുതിയ കുറിപ്പിൽ സൂചന. പ്രസ് ക്ലബ്ബുമായി ബന്ധപ്പെട്ട അഴിമതിയുടെ രേഖകൾ ഡോക്ടർ ജയതിലക് മുക്കിയെന്നാണ് ആരോപണം. പത്രങ്ങൾ അധികാര സ്ഥാനത്ത് ഇരിക്കുന്നവർ ഫീഡ് ചെയ്യുന്നത് ഫാക്ട് ചെക്ക് ചെയ്യാതെ അച്ചടിക്കുന്നുവെന്നും വിമര്‍ശനമുണ്ട്. പ്രശാന്തിൻ്റെ ഇന്നലത്തെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു എന്ന വാർത്തയുടെ പത്ര കട്ടിംഗ് പങ്കുവെച്ചാണ് പുതിയ പോസ്റ്റ്.
ഇന്നലെ ഫേസ്ബുക്കിൽ പ്രശാന്ത് ഒരു സസ്പെൻസ് പോസ്റ്റ് പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ‘ആ തീരുമാനം ഇന്ന് എടുക്കുന്നു’ എന്നായിരുന്നു കുറിപ്പ്. ഐഎഎസ് ചേരിപ്പോരിൽ ആറുമാസമായി സസ്പെൻഷനിലാണ് പ്രശാന്ത്.
എൻ.പ്രശാന്തിന്റെ ഫേസ്ബുക്ക് കുറിപ്പ് :-
വ്യാജ വാർത്തകളുടെ ഉറവിടം അറിയേണ്ടേ? പിആര്‍ഡി പരസ്യപ്പണവും പിആര്‍ ഫണ്ടും കൊണ്ട് ശമ്പളം നൽകേണ്ട അവസ്ഥയിലാണ് കേരളത്തിലെ പല മാധ്യമസ്ഥാപനങ്ങളും. കോടിക്കണക്കിന് രൂപയുടെ സർക്കാർ ഫണ്ട് അടിച്ച് മാറ്റിയ പ്രസ് ക്ലബിലെ അഴിമതി അന്വേഷണ ഫയൽ ഫിനാൻസ് വകുപ്പിൽ അട്ടികിടക്കാൻ തുടങ്ങിയിട്ട് കുറച്ചായി. ഡോ. ജയതിലകാണ് ഫിനാൻസ് സെക്രട്ടറി.
അതിനാൽ അധികാരസ്ഥാനത്തിരിക്കുന്നവർ ഫീഡ് ചെയ്താൽ ആ വ്യാജ നറേറ്റീവ് ഫാക്ട് ചെക്ക് ചെയ്യാതെ അച്ചടിക്കാൻ ബാധ്യസ്ഥർ. കണ്മുന്നിൽ കണ്ടാലും ഫേസ്ബുക്ക്/ഇൻസ്റ്റാഗ്രാം പോസ്റ്റ് കാണാൻ ബുദ്ധിമുട്ട്, 50 പേജിന്റെ വിശദമായ മറുപടി വായിച്ചിട്ട് അത് മുഴുവൻ ചോദ്യങ്ങളാണെന്ന് തോന്നുക, ഇതൊക്കെ സ്വാഭാവികം!
ഏതോ അജ്ഞാതൻ പത്രക്കുറിപ്പിറക്കിയ പോലെ, എല്ലാ പത്രങ്ങളിലും ഒരേ വാക്കുകളും, പ്രയോഗങ്ങളും, ഒരേ നുണയും കണ്ടാൽ മനസ്സിലാക്കുക ഉറവിടത്തിൽ തന്നെ മാലിന്യമുണ്ടെന്ന്. ആടിനെ പട്ടിയാക്കുന്നത് കേരളത്തിലെ പ്രധാനപ്പെട്ട ഒരു കലാരൂപമായി മാറിയിരിക്കുന്നു.