തിരുവനന്തപുരം: രൂപമാറ്റം വരുത്തിയ വാഹനങ്ങൾക്കെതിരെ തിങ്കളാഴ്ച മുതൽ കർശന നടപടി. ഒരു രൂപമാറ്റത്തിന് 5000 രൂപയാണ് പിഴ. ഹൈക്കോടതി നിർദ്ദേശപ്രകാരമാണിത്.ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി പനമരം ടൗണിലൂടെ രൂപമാറ്റം വരുത്തിയ ജീപ്പ് ഓടിച്ചത് വിവാദമായിരുന്നു. തില്ലങ്കേരിയുടെ യാത്ര ശ്രദ്ധയിൽപ്പെട്ട ഹൈക്കോടി സ്വമേധയാ കേസെടുത്താണ് കർശന നടപടിയ്ക്ക് ഉത്തരവിട്ടത്.
മോട്ടോർ വാഹന വകുപ്പ് ആക്ഷൻ പ്ലാനുമായാണ് റോഡിലിറങ്ങുന്നത്. ആദ്യവാരം ചരക്കു വാഹനങ്ങൾ പിടിക്കും. പിന്നാലെ ഇരുചക്ര, നാലു ചക്ര വാഹനങ്ങൾ, ട്രാൻസ്പോർട്ട്, ടൂറിസ്റ്റ് ബസുകൾ എന്നിവയൊക്കെ തടഞ്ഞ് രൂപമാറ്റത്തിന് പിഴയിടും. പരിശോധനാ ദൃശ്യങ്ങൾ പകർത്തും.
സ്പീഡ് ഗവർണർ വിച്ഛേദിച്ചോടുന്ന വാഹനങ്ങൾ തിങ്കൾ മുതൽ തടഞ്ഞിടും. സ്പീഡ് ഗവർണർ സജ്ജമാക്കി, പിഴയും ഈടാക്കിയിട്ടേ വിട്ടുനൽകൂ. ഓവർലോഡുമായി വരുന്ന വാഹനങ്ങളിലെ അധിക ലോഡിറക്കിക്കും. പിഴയും നൽകണം. ഓവർലോഡിനായി വാഹനത്തിൽ ലോഡിംഗ് ഏരിയയുടെ വലിപ്പം കൂട്ടിയവർ അവ നീക്കിയിട്ടേ റോഡിലറക്കാവൂ. ഇതിന് നേരത്തേ സമയം അനുവദിച്ചിരുന്നു.
എൻജിനിലെ മാറ്റം റോഡിൽ കാണില്ല
അമിത വേഗതയ്ക്കായി എൻജിനിൽ വരുത്തുന്ന മാറ്റം റോഡ് പരിശോധനയിൽ കണ്ടെത്താനാകില്ല. ചിപ്പ് നിയന്ത്രിത ഇലക്ട്രിക്കൽ ഫ്യൂവൽ ഇൻജക്ഷൻ സിസ്റ്റമാണ് കാറുകളിലും മറ്റുമുള്ളത്. ഇതിന്റെ സോഫ്ട്വെയറിൽ മാറ്റം വരുത്തുകയാണ്. ഇതിനായി പ്രത്യേക കേന്ദ്രങ്ങളുണ്ട്. നിർമ്മാണക്കമ്പി അനുവദിക്കാത്ത മാറ്റം വരുത്തുമ്പോൾ വാഹനത്തിന്റെ പ്രവർത്തനം താളം തെറ്റും. അപകടങ്ങൾ സൃഷ്ടിക്കും. അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകളിലും ഇത്തരത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്.
രൂപമാറ്റം പലവിധം
1. ഇരുചക്രവാഹനം: ഹാൻഡിലും ഗാർഡും മാറ്റും. പുകക്കുഴൽ തീ തുപ്പും. സെൻട്രൽ സ്റ്റാൻഡ് തറയിൽ ഉരഞ്ഞ് തീപ്പൊരി വരും
2. കാർ, ജീപ്പ്: പുറത്തേക്കു തള്ളി നിൽക്കുന്ന ഭീമൻ ടയറുകൾ. തീവ്രപ്രാകാശമുള്ള എൽ.ഇ.ഡി ലൈറ്റുകൾ, സൈലൻസറിലെ മാറ്രം
3. ട്രാവലർ, ബസ് : വയറിംഗ് സിസ്റ്റം മൊത്തം മാറ്റും. കാതടപ്പിക്കും മ്യൂസിക് സിസസ്റ്റവും കണ്ണ് ഫ്യൂസാകുന്ന ലൈറ്റുകളും
വലിയ വില നൽകണം
ഓരോ രൂപമാറ്റത്തിനും 5000 രൂപ വച്ച് പിഴ. ഉദാഹരണം: ബൈക്ക് സൈലൻസറിലും ടയറിലും മാറ്റമെങ്കിൽ 10,000 പോകും.’വാഹന രൂപമാറ്റം വരുത്തിയവർ ഒരു ഇളവും പ്രതീക്ഷിക്കേണ്ട”.
– എസ്. ശ്രീജിത്ത്, ട്രാൻസ്പോട്ട് കമ്മിഷണർ