കൊച്ചി: കൊച്ചിയില്‍ തീ തുപ്പുന്ന ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. 8,000 രൂപ പിഴ അടയ്ക്കാനും നിർദേശിച്ചു. തിരുവനന്തപുരം സ്വദേശിയായ കിരണ്‍ ജ്യോതിയുടെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്തത്.
ചെന്നൈയില്‍ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കുകയാണിയാൾ. അനധികൃതമായി ബൈക്ക് രൂപമാറ്റം വരുത്തുകയും അമിത ശബ്ദം പുറപ്പെടുവിക്കുന്ന സൈലന്‍സറുകള്‍ ഘടിപ്പിക്കുകയും ചെയ്ത സംഭവത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് കിരണ്‍ കൊച്ചി നഗരത്തില്‍ തീതുപ്പുന്ന ബൈക്കിൽ കറങ്ങി നടന്നത്. തിരക്കുള്ള റോഡിലൂടെയായിരുന്നു അഭ്യാസ പ്രകടനം. പിന്നാലെ വന്ന കാര്‍ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം വാഹനത്തിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. തുടര്‍ന്ന് യുവാവുമായി ബന്ധപ്പെട്ടപ്പോള്‍ സംഭവ ദിവസം വാഹനം ഓടിച്ചിരുന്നത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏല്‍പ്പിച്ചിരിക്കുകയാണെന്നും ഇയാൾ പറഞ്ഞു.