കൊച്ചി: പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസിൽ സുരാജ് പങ്കെടുക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.രണ്ടു നായകന്മാരിൽ ഒരാളായി അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് സിനിമക്ക് സമാനമായ രംഗങ്ങളാണ് സുരാജ് വെഞ്ഞാറമ്മൂടിന്റെ ജീവിതത്തിലും ആവർത്തിക്കുന്നത്.
വാഹനാപകടത്തെ തുടർന്ന് സുരാജിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചു. സുരാജിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.ശനിയാഴ്ച രാത്രി സുരാജ് സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്കേറ്റിരുന്നു. ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. എറണാകുളം പാലാരിവട്ടത്തായിരുന്നു അപകടം. പരിക്കേറ്റ ശരത്ത് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.