പാലക്കാട് :മാർക്ക്ലിസ്റ്റ് വിവാദത്തിൽ മാധ്യമങ്ങൾക്കെതിരെ നടത്തിയ പ്രസ്താവനയിൽനിന്നു മലക്കംമറിഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സർക്കാർ വിരുദ്ധപ്രചാരണത്തിനു മാധ്യമങ്ങളെ കേസിൽ കുടുക്കുമെന്നു പറഞ്ഞിട്ടില്ലെന്ന് എം.വി.ഗോവിന്ദൻ പറഞ്ഞു. ആടിനെ പട്ടിയാക്കുന്ന സമീപനമാണു മാധ്യമങ്ങൾ സ്വീകരിക്കുന്നത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾക്കു മാത്രമാണു മറുപടി പറഞ്ഞത്. എസ്എഫ്ഐ നേതാവിനെതിരെ ഗൂഢാലോചന നടത്തിയാൽ അതു പറയും. അതു ബോധ്യപ്പെട്ടതിനാലാണു കേസെടുത്തത്. അന്വേഷണം നടക്കട്ടെയെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
‘‘ആർഷോയുടെ പരാതിയിൽ പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി കേസെടുത്തു. എഫ്ഐആറിൽ പ്രതി ചേർക്കപ്പെട്ടവരെ എങ്ങനെയാണു കാണുന്നതെന്ന് എന്നോടു ചോദിച്ചു. ക്രിമിനൽ ഗൂഢാലോചന നിയമത്തിന്റെ മുന്നിൽ കൃത്യമായി വരേണ്ടതാണ്, അങ്ങനെ വരിക തന്നെ വേണം എന്നു ഞാൻ പറഞ്ഞു. കുറ്റവാളികൾ ആരായാലും, പത്രപ്രവർത്തകയാകാം, മാധ്യമത്തിന്റെ ഭാഗമാകാം, രാഷ്ട്രീയക്കാരാകാം, ആരായാലും സ്വാഭാവികമായും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ടതാണ് എന്നു മാത്രമാണു ഞാൻ പറഞ്ഞത്. അതിനപ്പുറം ചേർത്തതെല്ലാം എന്റെ പേരിൽ ഉന്നയിച്ച തെറ്റായ വാദങ്ങളാണ്. തെറ്റായ വാദങ്ങൾ ഉന്നയിക്കുക, ആ വാദത്തെ അടിസ്ഥാനപ്പെടുത്തി ചർച്ച സംഘടിപ്പിക്കുക, ആ ചർച്ചയുടെ ഭാഗമായി മുഖപ്രസംഗം എഴുതുക എന്നിവ തെറ്റായ പ്രവണതയാണ്. ആടിനെ പട്ടിയാക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്’’– എം. വി.ഗോവിന്ദൻ പറഞ്ഞു.
‘‘സർക്കാരിനെ വിമർശിക്കാൻ പാടില്ലെന്നു ഞാൻ പറഞ്ഞെന്നു പ്രചരിപ്പിച്ചാൽ ലോകത്ത് ആരെങ്കിലും അംഗീകരിക്കുമോ? ഞാൻ എല്ലാ സന്ദർഭത്തിലും പറയുന്നത്, മാധ്യമങ്ങൾക്കായാലും വ്യക്തികൾക്കായാലും സർക്കാരിനെയും പാർട്ടിയെയും അതുപോലെ വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ പ്രക്രിയകളെയും വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. സാമാന്യ ബുദ്ധിയോടെ പറയാൻ സാധിക്കുന്ന ഇക്കാര്യം, സർക്കാരിനെ വിമർശിച്ചാൽ അതിനെതിരെ കേസെടുക്കുമെന്നു ഞാൻ പറഞ്ഞെന്ന് പറഞ്ഞാൽ അതു ശുദ്ധമായ ഭാഷയിൽ പറഞ്ഞാൽ, അസംബന്ധം എന്നാണ് ഞാൻ സാധാരണ പറയുന്നത്. ഇന്ന് അതു പറയുന്നില്ല, തെറ്റായ ഒരു നിലപാടാണ് എന്നു പറയുന്നു.’’– ഗോവിന്ദൻ കൂട്ടിച്ചേർത്തു.
സർക്കാർവിരുദ്ധ, എസ്എഫ്ഐ വിരുദ്ധ പ്രചാരണവുമായി മാധ്യമങ്ങളുടെ പേരുംപറഞ്ഞു നടന്നാൽ ഇനിയും കേസിൽ ഉൾപ്പെടുത്തുമെന്നും അതിലൊരു സംശയവും വേണ്ടെന്നാണ് എം.വി.ഗോവിന്ദൻ കഴിഞ്ഞ ഞായറാഴ്ച ഭീഷണി മുഴക്കിയത്. ‘‘മുൻപും കേസെടുത്തിട്ടുണ്ട്. മാധ്യമത്തിനു മാധ്യമത്തിന്റെ സ്റ്റാൻഡ് ഉണ്ട്. ആ സ്റ്റാൻഡിലേ നിൽക്കാൻ പാടുള്ളൂ’’– ഗോവിന്ദൻ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോ എഴുതാത്ത പരീക്ഷ വിജയിച്ചതായി വെബ്സൈറ്റിലുള്ളതു റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്തതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി.