കൊച്ചി : പി കെ ശ്രീമതിയെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുന്നതില്‍ ഒരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കേണ്ടത് സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രിയാണോ?. അത് പാര്‍ട്ടി സംഘടനാപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടല്ലേ വരികയെന്ന് എംവി ഗോവിന്ദന് ചോദിച്ചു. ശനിയാഴ്ച നടന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ പങ്കെടുത്തിരുന്നുവെന്ന് ഗോവിന്ദന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുമ്പോള്‍, പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ച രാമചന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി ശ്രീമതി ടീച്ചര്‍ കൊച്ചിയിലായിരുന്നു. ശ്രീമതി ടീച്ചര്‍ കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗവും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. എന്നാല്‍ 75 വയസ്സ് പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ ശ്രീമതി ടീച്ചര്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടേറിയറ്റില്‍ നിന്നും ഒഴിവായി. അവരിപ്പോള്‍ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ പ്രസിഡന്റ് ആയിട്ട് പ്രവര്‍ത്തിക്കുകയാണ്.
സ്വാഭാവികമായും പാര്‍ട്ടി കോണ്‍ഗ്രസില്‍, അഖിലേന്ത്യാ നേതൃത്വത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന വനിത എന്ന നിലയില്‍ പ്രത്യേക പരിഗണനയോടെ ഇളവ് നല്കി. കേന്ദ്രകമ്മിറ്റിയില്‍ ഇളവ് നല്കി. കേന്ദ്രക്കമ്മിറ്റിയിലെടുത്തത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ല, അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനത്തിന് വേണ്ടിയിട്ടാണ്. സ്വാഭാവികമായും അതിലൂന്നി സംഘടനാപ്രവര്‍ത്തനം നടത്തി മുന്നോട്ടുപോകുക എന്നതാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.
പ്രായപരിധി കഴിഞ്ഞതിനാല്‍ എകെ ബാലനെയൊക്കെ ഒഴിവാക്കി. അവരെ സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കി എടുത്തിരിക്കുകയാണ്. അതുപോലെയല്ല ശ്രീമതി ടീച്ചര്‍. അവരെ കേന്ദ്രക്കമ്മിറ്റിയില്‍ എടുത്തിരിക്കുകയാണ്. ശ്രീമതി ടീച്ചറെ സെന്‍ട്രല്‍ കമ്മിറ്റി അംഗമെന്ന നിലയില്‍ സെന്‍ട്രലില്‍ പ്രവര്‍ത്തിക്കാനാണ് എടുത്തിട്ടുള്ളതെന്നും എംവി ഗോവിന്ദന് വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കുന്നതില്‍ പി കെ ശ്രീമതിയെ വിലക്കിയെന്ന വാര്‍ത്ത അസംബന്ധവും തെറ്റുമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബിയും ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.