തിരുവനന്തപുരം : പിപി ദിവ്യയ്ക്ക് പാര്‍ട്ടിയും സര്‍ക്കാരും ഒരു സംരക്ഷണവും ഒരുക്കാന്‍ പോകുന്നില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ദിവ്യ നിയമ സംവിധാനത്തിന് വിധേയപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ഗവണ്മെന്റ് ആവശ്യമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കീഴടങ്ങുക എന്നത് ഓരോരുത്തരുടെയും കാര്യമല്ലേയെന്നും പാര്‍ട്ടി ഒരു നിര്‍ദ്ദേശവും നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിട്ടുണ്ട്. ദിവ്യ ആസൂത്രിതമായി യാത്രയയപ്പ് യോഗത്തിലെത്തി വ്യക്തിഹത്യ നടത്തിയെന്നും, പ്രേരണക്കുറ്റം നിലനില്‍ക്കുമെന്നുമാണായിരുന്നു പ്രോസിക്യൂഷന് വാദം. കേരള മനസാക്ഷിയെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു എഡിഎം – കെ നവീന്‍ ബാബുവിന്റെ ആത്മഹത്യ.
ദിവ്യയെ ഇത്രയും ദിവസം ഒളിപ്പിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍, കെ സുരേന്ദ്രന് പ്രതികരിച്ചു. പി പി ദിവ്യയെ അറസ്റ്റ് ചെയ്യാനുള്ള എല്ലാ അവസരവും ഉണ്ടായിരുന്നു. സംരക്ഷിക്കാനുള്ള എല്ലാ സൗകര്യവും ഒരുക്കി കൊടുത്തത് സിപിഎം നേതൃത്വം പോലീസും. പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് എം.വി ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.