തിരുവനന്തപുരം : അരനൂറ്റാണ്ടിലധികമായി ഇസ്രയേല്‍ കെട്ടിപ്പടുത്ത സുരക്ഷാ രാഷ്ട്രമെന്ന മിത്ത് ഹമാസിന്റെ ആക്രമണത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഗാസയില്‍ ഒരില അനങ്ങിയാല്‍പ്പോലും അറിയുന്ന ഇസ്രയേലിനാണ് ഹമാസിന്റെ നീക്കം മുന്‍കൂട്ടി കാണാന്‍ കഴിയാതെ പോയത്.പലസ്തീനികളെ സൂചിമുനയില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന എല്ലാ രീതികളും പകര്‍ത്താനും സുരക്ഷാ ആയുധങ്ങളും ഉപകരണങ്ങളും നിരീക്ഷണ സംവിധാനങ്ങളും ഇന്ത്യയിലും സ്ഥാപിക്കാന്‍ വെമ്പുന്ന മോദി സര്‍ക്കാരിനും ഇത് പാഠമാകേണ്ടതാണെന്ന് എംവി ഗോവിന്ദന് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഹമാസിന്റെ ആക്രമണത്തെ ന്യായീകരിക്കുന്നില്ലെന്ന് ഗോവിന്ദന് കുറിപ്പില്‍ പറയുന്നു. എന്നാല്‍, ഈ ആക്രമണം ഇസ്രയേല്‍ എന്ന ‘സെക്യൂരിറ്റി സ്റ്റേറ്റി’ന്റെ മനസ്സാക്ഷിയെ പിടിച്ചുലച്ചുവെന്നത് വസ്തുതയാണ്. ഇസ്രയേലില്‍ ആദ്യമായാണ് ഇത്രയും വലിയ ആള്‍നാശമുണ്ടാകുന്നത്. മാത്രമല്ല, നൂറുകണക്കിന് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയിട്ടുമുണ്ട്. ലാകോത്തരമെന്ന് പലരും വിശേഷിപ്പിച്ച ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ്, സുരക്ഷാ ഏജന്‍സി ഷിന് ബേത്ത്, സിഐഎയെപ്പോലും വെല്ലുന്ന ചാരസംഘടനയായ മൊസാദ്, ആധുനികമായ ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം എന്നിവയെല്ലാം ഉണ്ടായിട്ടും ഹമാസിന്റെ 5000 മിസൈല്‍ ഇസ്രയേല്‍ ലക്ഷ്യമാക്കി വന്നപ്പോള്‍ ഒന്നും ചെയ്യാനാകാതെ പകച്ചു പോയി ഇസ്രയേല്‍. 10 മണിക്കൂറിനു ശേഷമാണ് ടെല്‍ അവീവില്‍നിന്ന് പ്രതികരണം ഉണ്ടായത്- കുറിപ്പില്‍ പറയുന്നു.
എംവി ഗോവിന്ദന്റെ ഫെയ്സ്ബുക്ക് കുറിപ്പ് :-
ഹമാസിന്റെ അക്രമണം ഒന്നുകൊണ്ടു മാത്രമാണ് ഇപ്പോഴത്തെ സംഘര്‍ഷാവസ്ഥയെന്ന ആഖ്യാനമാണ് പാശ്ചാത്യ ഭരണാധികാരികളും കോര്‍പറേറ്റ് മാധ്യമങ്ങളിലും നിറയുന്നത്. ദശകങ്ങളായി ഇസ്രയേല്‍ നടത്തിവരുന്ന അധിനിവേശങ്ങളെക്കുറിച്ച് ഇവര്‍ക്ക് മിണ്ടാട്ടമില്ല. പലസ്തീന് ജനതയെ വഞ്ചിച്ചുകൊണ്ടാണ് ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെട്ട പാശ്ചാത്യശക്തികള്‍ 1948ല്‍ ഇസ്രയേല്‍ എന്ന മതരാഷ്ട്രത്തിന് രൂപം നല്‍കിയത്. 75 വര്‍ഷത്തിനു ശേഷവും പലസ്തീന് രാഷ്ട്രം ഇന്നും സ്വപ്നമായി അവശേഷിക്കുന്നു. 1948ലും 1967ലും ഇസ്രയേല്‍ നടത്തിയ യുദ്ധത്തില്‍ ഗാസയും പശ്ചിമതീരവും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും ഇസ്രയേല്‍ കീഴ്പ്പെടുത്തുകയും ചെയ്തു. ഈ രണ്ടു പ്രദേശവും ഇസ്രയേലി സേനയുടെ നിയന്ത്രണത്തിലുമാണ്. സ്വന്തം പിതൃഭൂമിക്കായുള്ള പോരാട്ടത്തിലാണ് പലസ്തീന് ജനത. എന്നാല്‍, വര്‍ഷങ്ങള്‍ കഴിയുന്തോറും അത് യാഥാര്‍ഥ്യമാകാനുള്ള സാധ്യത കുറഞ്ഞുകുറഞ്ഞു വരികയാണ്. ദ്വിരാഷ്ട്രത്തില്‍ ഊന്നിയ ഓസ്ലോ കരാര്‍ നടപ്പാക്കുന്നതില്‍നിന്ന് അമേരിക്ക അടക്കമുള്ള പാശ്ചാത്യലോകം പിന്മാറിയ മട്ടാണ്. പലസ്തീന് ജനതയ്ക്ക് പിന്തുണ നല്കിയ അറബ് രാഷ്ട്രങ്ങളും പതുക്കെ പതുക്കെ പാശ്ചാത്യചേരിയുമായി അടുക്കുകയാണ്. അമേരിക്കയുടെ നേതൃത്വത്തില്‍ 2020ല്‍ വാഷിങ്ടണില്‍ ഒപ്പുവച്ച അബ്രഹാം സന്ധിയില്‍ ഇസ്രയേലിനൊപ്പം യുഎഇയും ബഹ്റൈനും ഭാഗഭാക്കായി. ഈ സന്ധിയില്‍ പലസ്തീന് പ്രശ്നത്തെക്കുറിച്ച് പരാമര്‍ശംപോലുമില്ല. ഇപ്പോള്‍ മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളും അമേരിക്കന്‍ സമ്മര്‍ദത്താല്‍ ഇസ്രയേലുമായി അടുക്കാനുള്ള ശ്രമത്തിലാണ്. ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ജി 20 ഉച്ചകോടിയില്‍ മോദി പ്രഖ്യാപിച്ച മധ്യ പൗരസ്ത്യ യൂറോപ്യന്‍ ഇടനാഴിയില്‍ പാശ്ചാത്യരാഷ്ട്രങ്ങള്‍ക്കും ഇസ്രയേലിനുമൊപ്പം യുഎഇയും സൗദി അറേബ്യയുമുണ്ട്.
ഈ സിസ്സഹായാവസ്ഥയിലും പിതൃഭൂമിക്കായി പോരാട്ടം തുടരുകയാണ് പലസ്തീന് ജനത. ഇസ്രയേലാകട്ടെ അവരെ നിരന്തരം വേട്ടയാടുകയും ചെയ്യുന്നു. അധികാരത്തില്‍ കടിച്ചുതൂങ്ങാനായി തീവ്ര വലതുപക്ഷകക്ഷികളുമായി നെതന്യാഹു സഖ്യം സ്ഥാപിച്ചതോടെ പലസ്തീനികളുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമായി. ഗാസയുടെ ഒരു ഭാഗത്ത് കടലും മറ്റ് മൂന്നു ഭാഗത്ത് ഇസ്രയേലുമാണ്. ഈ ഭൂമിശാസ്ത്രപരമായ പ്രത്യേകത ഗാസയിലെ ജനങ്ങളെ പീഡിപ്പിക്കാന്‍ അവസരമാക്കുകയാണ്. ഇസ്രയേല്‍ അവര്‍ക്ക് വൈദ്യുതിയും വെള്ളവും ഭക്ഷ്യവസ്തുക്കളും നിഷേധിക്കുന്നു. ചെറിയ പ്രശ്നങ്ങള്‍ ഉയര്‍ത്തി ജയിലിലടയ്ക്കുന്നു. വെടിവച്ചു കൊല്ലുന്നു. ഒരു യുഎന്‍ ഏജന്‍സി പ്രസിദ്ധീകരിച്ച കണക്കനുസരിച്ച് 2008 മുതല്‍ കഴിഞ്ഞ മാസംവരെ 6407പലസ്തീനികള്‍ കൊല്ലപ്പെട്ടപ്പോള്‍ ഇതേ കാലയളവില്‍ 308 ഇസ്രയേലികള്‍ക്ക് ജീവന് നഷ്ടമായി. ഗാസയിലെ ജീവിതം ജയിലിലെ ജീവിതം പോലെയാണ്. പശ്ചിമതീരത്താകട്ടെ യഹൂദരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കുകയാണ് ഇസ്രയേല്‍. കിഴക്കന്‍ ജറുസലേമില്‍ പലസ്തീനികളെ ആട്ടിപ്പായിച്ച് അവര്‍ താമസിച്ച ഇടങ്ങളില്‍ യഹൂദരെ പാര്‍പ്പിക്കുന്നു. കുടിയേറ്റം പ്രോത്സാഹിപ്പിച്ച് ഭൂപ്രദേശം കീഴടക്കുന്ന പുതിയ രീതിയാണിത്. വംശീയ ശുദ്ധീകരണമാണ് ഇവിടെ നടക്കുന്നത്. ലോക മുസ്ലിങ്ങള്‍ മൂന്നാമത്തെ പ്രധാന പുണ്യസ്ഥലമായി കാണുന്ന അല്‍ അഖ്സ പള്ളിയിലേക്കും യഹൂദര്‍ കടന്നുകയറുന്നു. ആരാധനയ്ക്കെത്തുന്ന മുസ്ലിങ്ങളെ മര്‍ദിക്കുകയും ചെയ്യുന്നു. പശ്ചിമതീരത്തെ ഇസ്രയേലുമായി വേര്‍തിരിക്കാന്‍ ഒരു മതിലും പണിതിരിക്കുകയാണിപ്പോള്‍. ദിനമെന്നോണം ഇത്തരം പീഡനങ്ങളും അപമാനങ്ങളും സഹിച്ചാണ് പലസ്തീന് ജനത കഴിയുന്നത്. എത്രകാലമാണ് ഒരു ജനത ഇത് സഹിക്കുക. ഈ ജനതയുടെ വേദന മറച്ചുവച്ച്, ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിന്റെ വേദനമാത്രം കാണുന്നതാണ് അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ കാപട്യം.
ഇപ്പോള്‍ ഇന്ത്യയും ഈ പാശ്ചാത്യചേരിയുടെ കൂടെയാണ്. ഈ മാസം ഏഴിനുശേഷം രണ്ടു തവണയാണ് പ്രധാനമന്ത്രി മോദി ഇന്ത്യയും ജനങ്ങളും ഇസ്രയേലിനൊപ്പമാണെന്ന് പറഞ്ഞത്. പലസ്തീന് വിമോചനത്തെ പിന്തുണയ്ക്കുന്ന പരമ്പരാഗത വിദേശനയത്തില്‍ നിന്നുള്ള പൂര്‍ണമായ പിന്മാറ്റമാണ് മോദിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്. ഇപ്പോള്‍ വേണ്ടത് സമാധാനമാണ്. ഐക്യരാഷ്ട്ര സംഘടനയും അന്താരാഷ്ട്ര സമൂഹവും ശ്രമിക്കേണ്ടത് മേഖലയില്‍ സമാധാനം സ്ഥാപിക്കാനാണ്. ഈ നീക്കത്തിന് വേഗം പകരാനാണ് ഇന്ത്യയും ശ്രമിക്കണ്ടത്. ഇസ്രയേലിനൊപ്പം കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കി ഒരു പലസ്തീന് രാഷ്ട്രവും രൂപീകരിച്ച് പ്രശ്നത്തിന് പരിഹാരം കാണണമെന്ന യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പാക്കാനും അന്താരാഷ്ട്ര സമൂഹം മുന്നോട്ടു വരണം. എങ്കിലേ മേഖലയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാനാകൂ.