കോഴിക്കോട്: അടിസ്ഥാന വിഭാഗങ്ങൾക്ക് അതൃപ്തിയുണ്ടാക്കിയ എല്ലാ നടപടികളും സർക്കാർ തിരുത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. മുൻഗണന എന്തിനാണെന്ന് തീരുമാനിച്ച് നടപ്പാക്കണമെന്നും ഗോവിന്ദൻ പ്രതികരിച്ചു.സംസ്ഥാനത്ത് പലയിടത്തും എൽഡിഎഫ് വോട്ടുകൾ ബിജെപിക്ക് അനുകൂലമായി. മലബാറിലെ മുസ്ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.
വിശ്വാസികളോട് ഒപ്പം നിൽക്കുന്ന നിലപാടാണ് സിപിഎമ്മിന്. അവിശ്വാസികൾക്കൊപ്പവും നിൽക്കും. രണ്ടു കൂട്ടർക്കും ജനാധിപത്യ അവകാശങ്ങൾ ഉണ്ട്.വിശ്വാസികൾ വർഗീയവാദികളല്ല. വര്ഗീയവാദി വിശ്വാസിയുമല്ല. വർഗീയതയെ പ്രതിരോധിക്കാൻ വിശ്വാസികളാണ് നല്ലത്. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്നും ഗോവിന്ദൻ പറഞ്ഞു. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർഎസ്എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. ഇന്നല്ലെങ്കിൽ നാളെ വിശ്വാസികളുടെ കൈയിൽ ആരാധനാലയങ്ങൾ വരണമെന്ന് തന്നെയാണ് സിപിഎം നിലപാട്.
ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവര്ക്ക് കേരളത്തിൽ നേട്ടമായതെന്നും അദ്ദേഹം പറഞ്ഞു.ജമാഅത്തെ ഇസ്ലാമിയുടെ വനിതകൾ നന്നായി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിവുള്ളവരാണ്. അവർ യുഡിഎഫുമായി ചേർന്ന് പ്രവർത്തിച്ചു. അതാണ് മലബാറിൽ യുഡിഎഫിന് ഇത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞത്.പിണറായിയെ രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള വേട്ടയാടലുകൾ പ്രതിരോധിക്കും. കമ്പനികൾ തമ്മിലുള്ള കേസുകൾ കമ്പനി നോക്കട്ടെ. പിണറായിക്കെതിരെ ഒരു കേസ് പോലും ഇപ്പോൾ ഇല്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.