കൊല്ലം : കേരളത്തിലെ സിപിഐഎമ്മിന്റെ അമരക്കാരനായി എം വി ഗോവിന്ദന് തുടര്‍ന്നേക്കും. കൊല്ലത്ത് സമാപിക്കുന്ന 24-ാമത് സിപിഎം സംസ്ഥാന സമ്മേളനം, 71 കാരനായ മുന്‍ എക്സൈസ് മന്ത്രിയെ സംസ്ഥാന സെക്രട്ടറിയായി ഔദ്യോഗികമായി തെരഞ്ഞെടുക്കും. പാര്‍ട്ടി സമ്മേളനത്തില്‍ ഗോവിന്ദന് തിരഞ്ഞെടുക്കപ്പെടുന്നത് ഇതാദ്യമായാണ്.
2022 ഓഗസ്റ്റില്‍ ആരോഗ്യസ്ഥിതി മോശമായതിനാല്‍ കോടിയേരി ബാലകൃഷ്ണന് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ്, സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് ഗോവിന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ 2 ന് മന്ത്രിപദം രാജിവെച്ച് ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഇതിനു പിന്നാലെ എം വി ഗോവിന്ദനെ സിപിഐഎം പോളിറ്റ് ബ്യൂറോയിലും ഉള്‍പ്പെടുത്തി.
കേരള പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര മുഖമായ കണ്ണൂര്‍ നേതാവ് എം വി ഗോവിന്ദന്, പക്ഷെ ഇതുവരെ പിണറായി വിജയന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിട്ടില്ല. 2006 മുതല്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്. കേരളത്തില്‍ രണ്ട് തെരഞ്ഞെടുപ്പുകള്‍ ( തദ്ദേശ- നിയമസഭ തെരഞ്ഞെടുപ്പുകള്‍) അടുത്തു വരുമ്പോള്‍, എം വി ഗോവിന്ദന് മുന്നിലുള്ളത് കഠിനമായ ദൗത്യമാണ്.
സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് എ കെ ബാലന്, പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്, ഗോപികോട്ടമുറിക്കല്‍, പി നന്ദകുമാര്‍, എന്‍ ആര് ബാലന്, എം കെ കണ്ണന് തുടങ്ങി നിരവധി മുതിര്‍ന്ന നേതാക്കള്‍ 75 വയസ്സ് പ്രായപരിധി കാരണം പുറത്താകുമെന്നാണ് സൂചന. അതോടൊപ്പം ആരോഗ്യപരമായ കാരണങ്ങളാലും മറ്റും ചില നേതാക്കളെയും ഒഴിവാക്കിയേക്കാം. കൊല്ലത്തു നിന്നുള്ള നേതാക്കളായ സൂസന് കോടി, കെ രാജഗോപാല്‍ എന്നിവരെ ഒഴിവാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഇത്തവണ കൂടുതല്‍ യുവാക്കളെയും സ്ത്രീകളെയും സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെയും പ്രസിഡന്റ് വി വസീഫിനെയും പരിഗണിക്കുന്നുണ്ട്. കോട്ടയത്ത് നിന്നുള്ള ജെയ്ക് സി തോമസ്, കണ്ണൂരില്‍ നിന്നും എസ്എഫ്ഐ മുന്‍ നേതാവ് കെ അനുശ്രീ എന്നിവരും പരിഗണിക്കപ്പെടുന്നുണ്ട്. എറണാകുളത്ത് നിന്നും സി ബി ദേവദര്‍ശന്‍, പി ആര് മുരളീധരന് എന്നിവരും സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളവരില്‍ ഉള്‍പ്പെടുന്നു.
ആറ് പുതിയ ജില്ലാ സെക്രട്ടറിമാരില്‍ പത്തനംതിട്ടയില്‍ നിന്നുള്ള രാജു എബ്രഹാം മാത്രമാണ് നിലവില്‍ സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിട്ടുള്ളത്. മറ്റ് അഞ്ച് പേര് – എം രാജഗോപാല്‍ (കാസര്‍കോട്), വി പി അനില്‍ (മലപ്പുറം), കെ റഫീഖ് (വയനാട്), കെ വി അബ്ദുള്‍ ഖാദര്‍ (തൃശൂര്‍), എം മെഹബൂബ് (കോഴിക്കോട്) എന്നിവരും സംസ്ഥാന കമ്മിറ്റിയില്‍ ഇടംപിടിക്കും.
പാര്‍ട്ടി സെക്രട്ടേറിയറ്റ് ഞായറാഴ്ച രൂപീകരിക്കുമോ എന്ന് വ്യക്തമല്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് അടുത്തിടെ മാറ്റിയ മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് മാറ്റി നിര്‍ത്തുമോ എന്നതും ശ്രദ്ധേയമാണ് . കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍ ഇ പിക്ക് ഇപ്പോഴും സെക്രട്ടേറിയറ്റ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ കഴിയും. പുതിയ സെക്രട്ടേറിയറ്റ് അംഗങ്ങളായി പരിഗണിക്കുന്നവരില്‍ മന്ത്രി എം ബി രാജേഷ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം സി എസ് സുജാത, ടി എന്‍ സീമ തുടങ്ങിയവരുടെ പേരുകള്‍ ഉള്‍പ്പെടുന്നു.