സിപിഎമ്മില്‍ പിണറായിയുടെ പിന്‍ഗാമിയാകാനുള്ള ശക്തമായ നീക്കത്തിലാണ് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കണ്ണൂരില്‍ പിണറായി കഴിഞ്ഞാല്‍ രണ്ടാമനായ ഇപി ജയരാജന് പൂര്‍ണ്ണമായും പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടതോടെ എംവിഗോവിന്ദന്‍ ആ സ്ഥാനത്തേക്ക് ഉയരുകയാണ്. നിത്യഹരിത വിപ്ളവകാരിയായ പി ജയരാജനാകട്ടെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ പോലും ഇടം കണ്ടെത്താനാകാതെ ഒതുക്കപ്പെടുകയാണ്. പിന്നെയുള്ള എംവി ജയരാജനാകട്ടെ പാര്‍ട്ടിയില്‍ ഇവരെക്കാളുമൊക്കെ വളരെ ജൂനിയറാണ്. അതുകൊണ്ട് അദ്ദേഹത്തില്‍ നിന്നും യാതൊരു ഭീഷണിയും എംവി ഗോവിന്ദനില്ല. കണ്ണൂര്‍ രാഷ്ട്രീയത്തിലെ രണ്ടാമന് എന്നാല്‍ ഇപ്പോള്‍ സിപിഎമ്മിലെ രണ്ടാമന് എന്നാണര്‍ത്ഥം.പിണറായിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് താന്‍ ആയാലെന്താ എന്ന മറുചോദ്യമുയര്‍ത്താന്‍ എംവി ഗോവിന്ദന് ധൈര്യം വന്നത് പോലും സിപിഎമ്മിലെ വലിയ മാറ്റങ്ങളുടെ സൂചനയാണെന്ന് ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.ഇപി ജയരാജനെ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് പുറത്താക്കാന്‍ കടുത്തനീക്കങ്ങളാണ് എംവി ഗോവിന്ദന്റെ ഭാഗത്ത് നിന്നുണ്ടായത്. മുഖ്യമന്ത്രി പിണറായിക്ക് പോലും ഒരു വേള മൂകസാക്ഷിയാകേണ്ടി വന്ന നീക്കങ്ങളായിരുന്നു അത്. കേരളത്തില്‍ നിന്നുള്ള മറ്റു പൊളിറ്റ്്ബ്യുറോ അംഗങ്ങളായ എം എ ബേബി, എ വിജയരാഘവന് എന്നിവരുമായി കൂടിയാലോചിച്ച് എംവി ഗോവിന്ദന് നടത്തിയ ചടുലമായ നീക്കങ്ങളായിരുന്നു ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും ഇപിയെ പുറത്ത് ചാടിക്കാന്‍ കാരണമായത്. ഇപി പോകട്ടെ എന്നൊരാഗ്രഹം പിണറായിക്കുമുണ്ടായിരുന്നു. അതുകൊണ്ട് ഇപിയെ മുഖ്യമന്ത്രി പരസ്യമായി പിന്തുണക്കില്ലന്ന് സംസ്ഥാന സെക്രട്ടറിക്കുമറിയാമായിരുന്നു. കിട്ടിയ അവസരം മുതലാക്കി തന്റെ ഏറ്റവും പ്രധാനപ്പെട്ട ശത്രുവിനെ എംവി ഗോവിന്ദന് ഒതുക്കി.
ഇഎംഎസിന്റെ കാലത്ത് തന്നെ സുശക്തമായ കണ്ണൂര്‍ ലോബി ഇപ്പോള്‍ നിലനിപ്പിനായുള്ള പോരാട്ടത്തിലാണ്. എംവി രാഘവന് ശേഷം കണ്ണൂര്‍ ലോബിയുടെ കിരീടം വയ്കാത്ത രാജാവായിരുന്നു പിണറായി വിജയന്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കണ്ണൂര്‍ ലോബി തന്നെ പിന്തുണക്കുമെന്ന വിശ്വാസത്തില്‍ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയനെ രാജിവപ്പിച്ച് അദ്ദേഹത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയാക്കാന്‍ ചരട് വലിച്ചത് വിഎസ് അ്ച്യുതാനന്ദന്‍ തന്നെയായിരുന്നു. എന്നാല്‍ കണ്ണൂര്‍ ലോബി തന്റെ പിടിയില്‍ നിന്നും വിട്ടുപോകുന്നുവെന്ന് വിഎസിനു തോന്നിത്തുടങ്ങിയപ്പോള്‍ അദ്ദേഹം പിണറായിക്കെതിരെ തിരിഞ്ഞു. 2005 ലെ മലപ്പുറം സമ്മേളനത്തില്‍ പിണറായി വിജയനെ സം്സ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കാന്‍ വിഎസ് ശ്രമിച്ചപ്പോള്‍ ഇപി ജയരാജന് അടക്കമുള്ള കണ്ണൂര്‍ ലോബി അതിശക്തമായി പിണറായിക്ക് പിന്നില്‍ നിലയുറപ്പിക്കുകയും വിഎസിനെ പരാജയപ്പെടുത്തുകയും ചെയ്തു.
ഇപ്പോള്‍ ആ കണ്ണൂര്‍ ലോബി ശിഥിലീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. പിണറായിക്ക് ആ ലോബിയുടെ നേതൃത്വമില്ല. കാരണം അദ്ദേഹത്തെ കണ്ണൂര്‍ ലോബിയുടെ നേതാവായി അവോരോധിച്ചതും തുടര്‍ന്ന് പിന്തുണച്ചതും ഇപി ജയരാജനായിരുന്നു.അങ്ങിനെയുള്ളതന്നെ പിണറായി പിന്നില്‍ നിന്നും കുത്തിയെന്ന വേദനയാണ് ഇപിക്കുള്ളത്. ഈ അവസരം എംവി ഗോവിന്ദന് നന്നായി മുതലെടുത്തു. രണ്ടുജയരാജന്മ്മാരെ തന്ത്രപരമായി അദ്ദേഹം മൂലക്കിരുത്തി. പിണറായിയുടെ ശക്തി അനുദിനം ക്ഷയിക്കുകയാണെന്നു സിപിഎം നേതാക്കളെല്ലാം കരുതുന്നു. മുഖ്യമന്ത്രി കഴിഞ്ഞാല്‍ പിന്നെ സിപിഎമ്മിലെ എക്കാലത്തെയും അധികാരകേന്ദ്രം പാര്‍ട്ടി സെക്രട്ടറിയാണ്. നയനാര്‍ മുഖ്യമന്ത്രിയും അച്യുതാനന്ദന് സംസ്ഥാന സെക്രട്ടറിയുമായിരിക്കുമ്പോള്‍ വിഎസ് കഴിഞ്ഞേ നയനാര്‍ക്ക് പോലും സ്ഥാനമുണ്ടായിരുന്നുള്ളു. അങ്ങിനെയുള്ള സിപിഎമ്മില്‍ പിടിമുറുക്കാനുള്ള എല്ലാ അവസരവും തനിക്ക് ഒത്തുവരികയാണെന്ന് എംവി ഗോവിന്ദന് തിരിച്ചറിഞ്ഞുകഴിഞ്ഞു.
പിണറായിയുടെ പ്രഭ മങ്ങുന്തോറും പാര്‍ട്ടിയിലെ കരുത്തന് താനാണെന്ന് തോന്നിപ്പിക്കാനുള്ള നീക്കങ്ങളെല്ലാം എം വി ഗോവിന്ദന് നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അച്ചടക്കത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലന്ന സന്ദേശം അദ്ദേഹം പാര്‍ട്ടി നേതാക്കള്‍ക്കും അണികള്‍ക്കും നല്‍കിക്കഴിഞ്ഞു. താന്‍ എടുക്കുന്ന തിരുമാനത്തോടൊപ്പം നില്ക്കുക എന്നാല്‍ പാര്‍ട്ടിക്കൊപ്പം നില്ക്കുക എന്നതാണര്ത്ഥമെന്ന സൂചനയും കഴിഞ്ഞ സെക്രട്ടറിയേറ്റ് യോഗത്തില്‍ അദ്ദേഹം നല്കി. ഇതോടെ എംഎബേബിയെപ്പോലുള്ള അറിയപ്പെടുന്ന പിണറായി വിരുദ്ധര്‍ എംവി ഗോവിന്ദനുമായി കൈകോര്‍ക്കാന്‍ തിരുമാനിച്ചു. ഇതോടെ തനിക്ക് ശക്തിയും മഹത്വവും വര്‍ധിക്കുന്നതായി അദ്ദേഹത്തിന് തന്നെ തോന്നിത്തുടങ്ങി. എന്നാല്‍ ഇതൊന്നും പുറത്തുകാണിക്കാന്‍ അദ്ദേഹം തെയ്യാറല്ല. കാരണം അപ്പുറത്ത് നില്‍ക്കുന്നത് മറ്റാരുമല്ല സാക്ഷാല്‍ പിണറായി വിജയനാണ്. എപ്പോഴും ഒരുവെടിക്കുള്ള മരുന്ന് കൈയ്യില്‍ കരുതുന്ന അപാര തന്ത്രശാലിയാണ് പിണറായി വിജയന് എന്ന് ഗോവിന്ദനോളം അറിയാവുന്ന ആരും കാണില്ല.