കണ്ണൂർ: പി ജയരാജന്റെ ഭീഷണി പ്രസംഗത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ഒരു തരത്തിലുള്ള പ്രകോപനത്തെയും സിപിഎം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കൊലപാതകം നടത്തിയാൽ പോലും തിരിച്ചടിക്കരുത് എന്നാണ് സിപിഎം നിലപാടെന്നും ഗോവിന്ദൻ പറഞ്ഞു
“പ്രകോപനപരമായ നിലപാട് സ്വീകരിക്കാനോ ഏതെങ്കിലും രീതിയിലുള്ള സംഘർഷത്തിലേക്ക് പോകാനോ പാർട്ടി ഉദ്ദേശിക്കുന്നില്ല. സമാധാനപരമായ നിലപാട് സ്വീകരിക്കണം എന്ന് തന്നെയാണ് പാർട്ടി ചൂണ്ടിക്കാണിച്ചിട്ടുള്ളത്. കൊലപാതകത്തിന്റെ ഭാഗമായി ഇങ്ങോട്ട് കടന്നാക്രമണം നടത്തിയാലും അതേ രീതിയിൽ പ്രതിരോധിക്കേണ്ടതില്ല എന്ന് കോടിയേരിയുടെ കാലത്ത് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടിലാണ് പാർട്ടി ഉറച്ചു നിൽക്കുന്നതും”. ഗോവിന്ദൻ പറഞ്ഞു.
സ്പീക്കർ എ.എൻ ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം മോർച്ചറിയിലായിരിക്കുമെന്നായിരുന്നു സിപിഎം സംസ്ഥാന സമിതിയംഗം പി.ജയരാജന്റെ പ്രസ്താവന. ഷംസീറിനെതിരായ യുവമോർച്ചയുടെ ഭീഷണിയിലായിരുന്നു ജയരാജന്റെ മറുപടി. ജോസഫ് മാഷിൻ്റെ അനുഭവം ഓർമിപ്പിച്ചായിരുന്നു യുവമോർച്ച ജനറൽ സെക്രട്ടറി കെ.ഗണേഷിൻ്റെ വെല്ലുവിളി. ഹിന്ദു ദൈവങ്ങളെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് എ.എൻ.ഷംസീറിന്റെ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ പ്രതിഷേധ മാർച്ചിലായിരുന്നു പരാമർശം.