തിരുവനന്തപുരം: ടി.പി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സർക്കാർ തീരുമാനത്തേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ഇല്ല, ഇല്ല, ഒന്നും പറയാനില്ല എന്നായിരുന്നു വിഷയത്തില്‍ പ്രതികരണം തേടിയ മാധ്യമപ്രവര്‍ത്തകരോട് ഗോവിന്ദന് മറുപടി പറഞ്ഞത്.
അതേസമയം ടി.പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ആത്മഹത്യാപരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു. ഇതിനെ കേരളം ഒന്നടങ്കം എതിര്‍ക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.ജയില്‍ നിയമം കൂടി ലംഘിച്ചവരാണ് ടി.പി കേസിലെ പ്രതികളെന്നും കൊടുംകുറ്റകൃത്യങ്ങള്‍ ചെയ്തവര്‍ക്ക് ഇളവ് നല്‍കുക സാധ്യതമല്ലെന്നും കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. നിയമത്തിന് മുകളിലൂടെ പറക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും തിരുവഞ്ചൂര്‍ വിമർശിച്ചു.
ടി.പി വധക്കേസ് പ്രതികളെ വിട്ടയയ്ക്കാനുള്ള നീക്കം കേരളത്തോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സിപിഎമ്മിന്റെ ധാര്‍ഷ്ട്യത്തിനും ധിക്കാരത്തിനും ഒരു മാറ്റവുമില്ലെന്നും സതീശന് വിമര്‍ശിച്ചു.പരോളിന് പോലും അര്‍ഹതയില്ലാത്ത കൊടുംക്രിമിനലുകള്ക്കാണ് ശിക്ഷാ ഇളവ് നല്‍കുന്നത്. ഇതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. തെരഞ്ഞെടുപ്പ് തോല്വില്നിന്ന് സിപിഎം പാഠം പഠിച്ചില്ല. ക്രിമിനലുകളെ സംരക്ഷിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.
ടി.പിയുടെ വിധവകൂടിയായ കെ.കെ.രമ നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് അഞ്ച് മാസമായിട്ടും ഉത്തരം നല്‍കിയിട്ടില്ല. കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല.എല്ലാ പ്രതികള്‍ക്കും കൂടി അനുവദിച്ചത് 2000-ത്തോളം ദിവസത്തെ പരോളാണ്. ഫൈവ് സ്റ്റാര്‍ സൗകര്യങ്ങളാണ് ജയിലില്‍ ഇവര്‍ക്ക് ഒരുക്കിയിരുന്നത്.അവര്‍ക്ക് ഇഷ്ടപ്പെട്ട മദ്യവും ഭക്ഷണവുമെല്ലാം എത്തിച്ച് നല്‍കും. ഇനി എയര്‍കണ്ടീഷന്റെ കുറവ് മാത്രമാണുള്ളത്. ജയിലിനകത്ത് നിന്ന് തന്നെ അവര്‍ ക്വട്ടേഷന്‍ പിടിക്കുകയാണെന്നും സതീശന് വിമര്‍ശിച്ചു.