തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. സിപിഎമ്മിന് ഇക്കാര്യത്തില്‍ അപേക്ഷിക്കാന്‍ സാധിക്കില്ല. ബിജെപിക്ക് സ്വാധീനമുളളിടത്തല്ലേ അദ്ദേഹം മത്സരിക്കേണ്ടതെന്നും സാമാന്യമര്യാദയുള്ളവര്ക്ക് അറിയാം രാഹുല്‍ ഇവിടെയല്ല മത്സരിക്കേണ്ടതെന്നും എംവി ഗോവിന്ദന് പറഞ്ഞു.
‘രാഹുല്‍ ഗാന്ധി എവിടെ മത്സരിക്കണമെന്ന കാര്യം കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടത്. സ്വാഭാവികമായും ഇടതുപക്ഷ മുന്നണിയോടല്ല രാഹുല്‍ ഗാന്ധി ഉള്‍പ്പടെ മത്സരിക്കേണ്ടത്. ബിജെപിയോടാണ്. ബിജെപിയാണ് ഇന്ത്യയില്‍ ഫാസിസ്റ്റ് നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി. അതിനെതിരെ മത്സരിക്കുന്നതിന് പകരം കേരളത്തിലെ ഇടതുമുന്നണിയോടല്ല മത്സരിക്കേണ്ടത്.
അത് നല്കുന്ന സന്ദേശം എന്താണ്?. തങ്ങളുടെ മുഖ്യശത്രു ഇടതുമുന്നണിയായോ, ബിജെപിയാണോ എന്നതാണ്’/
ഇന്ത്യയില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ ഒരു വിശാലവേദിയുണ്ടാക്കിയിട്ടുണ്ട്. അതില്‍ ഒരു പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണ് കേരളം. ഇങ്ങനെയൊരു സംസ്ഥാനത്ത് ആണോ, ബിജെപിയെ തോല്‍പ്പിക്കാനാണോ മത്സരിക്കേണ്ടത് എന്നത് അവരാണ് തീരുമാനിക്കേണ്ടത്. സാമാന്യമര്യാദയുള്ള ഏത് രാഷ്ട്രീയക്കാരനും അറിയാം അദ്ദേഹം ഇവിടയല്ല മത്സരിക്കേണ്ടത് എന്നത്. അത് പ്രത്യേകിച്ച് സിപിഎം പറയേണ്ടതില്ല’ – എംവി ഗോവിന്ദന് പറഞ്ഞു.
ബിജെപി വിജയിച്ച മൂന്ന് സംസ്ഥാനത്തിലും അവര്‍ക്ക് അന്‍പത് ശതമാനം വോട്ടില്ല. ഓരോ സംസ്ഥാനത്തും കൃത്യമായി യോജിപ്പിച്ച് അണിനിരത്താന്‍ ഇന്ത്യാ മുന്നണിക്ക് കഴിയണം. എന്നാല്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ കഴിയും. ഇന്നത്തെ ഇന്ത്യന്‍ പരിതസ്ഥിതിയില്‍ ബിജെപിയെ തോല്‍പ്പിക്കേണ്ടത് രാജ്യത്തിന്റെ നിലനില്‍പ്പിന്റെ പ്രശ്നമാണെന്നും ഗോവിന്ദന് പറഞ്ഞു.
മുസ്ലീം ലീഗിനെ എല്‍ഡിഎഫിലേക്ക് കൊണ്ടുവരികയെന്നുളളത് സിപിഎമ്മിന്റെ അജണ്ടയില്‍ ഇല്ല. സിപിഎം രാജ്യത്തിന്റെ പൊതുവായ താത്പര്യങ്ങളില്‍ അതിവിശാലമായ ഒരു ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താനും അതിന്റെ അകത്ത് ആരൊക്കെ വരുമോ അവരെയെല്ലാം ഉള്‍ക്കൊള്ളുകയും ചെയ്യുന്നവരാണ്. വര്‍ഗീയവാദികളും അവസരവാദികളുമായവരെ ഒഴിച്ചുനിര്‍ത്തി ബാക്കി എല്ലാവരെയും കൂട്ടുമെന്നും ഗോവിന്ദന് പറഞ്ഞു.