തിരുവനന്തപുരം : മാസപ്പടി കേസിന് പിന്നില്‍ രാഷ്ട്രീയമല്ലാതെ മറ്റൊന്നുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. മുഖ്യമന്ത്രിക്കെതിരായി രാഷ്ട്രീയപ്രേരിതമായി ഈ കേസിനെ രൂപപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് അരങ്ങേറിയതെന്നും എംവി ഗോവിന്ദന് തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും ബിജെപിയും നടത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഈ കേസ്. മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടുമാത്രമാണ് വീണയെ വേട്ടയാടുന്നത്. സ്വര്‍ണക്കടത്തുപോലെ ഈ കേസും ആവിയായി പോകുമെന്ന് ഗോവിന്ദന് പറഞ്ഞു. എല്ലാ ഇടപാടുകളും സുതാര്യമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കമ്പനി ആക്ടിലെ വ്യവസ്ഥയില്‍ എന്തെങ്കിലും ലംഘനം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുകയെന്നതാണ് എസ്എഫ്ഐഒയുടെ ചുമതല. കോടതിയുടെ മുന്പില് നില്ക്കുന്ന പ്രശ്നത്തില്‍ ഇത്ര ധൃതി പിടിക്കേണ്ട സാഹചര്യമുണ്ടായിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഈ ഗൂഢാലോചനയെന്നും അദ്ദേഹം പറഞ്ഞു.