കോട്ടയം : പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പോരാട്ടമാകും. ജെയ്ക് സി താമസിനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഔദ്യോഗിക പ്രഖ്യാപനവും അദ്ദേഹം നടത്തി.
രാഷ്ട്രീയമായി ഈ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. രാഷ്ട്രീയ പോരാട്ടമാണ് ഉദ്ദേശിക്കുന്നത്. ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംഘടിതമായി എല്ലാ വികസന പ്രവര്‍ത്തനത്തേയും എതിര്‍ക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷമാണ് വിചാരണ ചെയ്യപ്പെടുന്നത്. വികസനത്തിന് വോട്ടുണ്ടെന്ന് പ്രതിപക്ഷത്തിന് മനസ്സിലായത് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരല്ല, പ്രതിപക്ഷമാണ് തെരഞ്ഞെടുപ്പില്‍ വിചാരണ ചെയ്യപ്പെടുക. വികസനമായിരിക്കും മുഖ്യചര്‍ച്ച. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അനുവദിക്കില്ല എന്ന അജണ്ട വച്ച് തീരുമാനിച്ച ഒരു പ്രതിപക്ഷമാണുള്ളത്. ലോകത്ത് എവിടെയെങ്കിലും അങ്ങനെയുണ്ടോ എന്ന് അറിയില്ല. കേരളം ലോകത്തിന് മാതൃകയാകുന്ന ഫലപ്രദമായ ഇടപെടലുകള്‍ പോലും അഴിമതിയുടെ പുകമറ സൃഷ്ടിച്ച് എതിര്‍ക്കുന്ന ഒരു നിലപാടാണ് സ്വീകരിക്കുന്നത്. എന്നാല്‍ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ലെന്നും ഗോവിന്ദന് പറഞ്ഞു.
ബിജെപിയും യുഡിഎഫും ഒരുപോലെ കേരളത്തിന്റെ വികസനത്തെ എതിര്‍ക്കുകയാണ്. ഇത് ജനങ്ങളെ തുറന്നുകാണിക്കും. പുതുപ്പള്ളിയിലെ വികസനം ജനങ്ങള്‍ക്ക് പരിശോധിക്കാമെന്നും ഗോവിന്ദന് പറഞ്ഞു. ജെയ്ക് സി തോമസ് പതിനാറിന് പത്രിക നല്‍കുമെന്ന് മന്ത്രി വിഎന്‍ വാസവന് പറഞ്ഞു.