പാലക്കാട്ടെ കരുത്തനായ സിപിഎം നേതാവും കെടിഡിസി ചെയര്‍മാനുമായ പികെ ശശിയെ പാര്‍ട്ടി നടപടിയുടെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്തുകയും പാര്‍ട്ടിയില്‍ നിന്നും വഹിച്ചിരുന്ന എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കുകയും ചെയ്ത സംഭവം പിണറായി വിജയന് കടുത്ത അസംതൃപ്തിയുണ്ടാക്കിയെന്ന് സൂചന. പാലക്കാട്ടെ സിപിഎമ്മിനെ പിണറായി പക്ഷത്തെത്തിച്ചതില് പ്രധാന പങ്കുവഹിച്ചയാളാണ് പികെ ശശി. അതുകൊണ്ട് തന്നെ ശശിയെ പിണറായി വിജയന് എല്ലാക്കാലവും സംരക്ഷിച്ചു നിര്‍ത്തിയിരുന്നു. എംവി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയായതിന് ശേഷം അഴിമതിയാരോപണങ്ങള്‍ നേരിടുന്ന നേതാക്കളെ പതിയെ പിന്നാമ്പുറങ്ങളിലേക്കൊതുക്കുന്ന വിധത്തിലുള്ള സിപിഎമ്മില്‍ നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പികെ ശശിക്കെതിരെ നടപടിയുണ്ടായത്.
പാലക്കാട്ടെ ഏറ്റവും ശക്തനായ നേതാവായിരുന്നു പികെ ശശി. ലൈംഗികാരോപണങ്ങള്‍ ഉള്‍പ്പെടെ പലതും ഉയര്്ന്നിട്ടും അദ്ദേഹത്തെ തൊടാന്‍ പിണറായി സമ്മതിച്ചില്ല. ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തി അദ്ദേഹത്തിന് ക്ളീന്ചിട്ട് നല്‍കിയിരുന്നു. പാര്‍ട്ടി അന്വേഷണക്കമ്മീഷനിലുണ്ടായിരുന്ന കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി’ ശശി നടത്തിയത് തീവ്രതകുറഞ്ഞ പീഡനമാണ്’ എന്ന തരത്തില്‍ വ്യാഖ്യാനിച്ചത് ഇപ്പോഴും വിവാദമായി നില്‍ക്കുകയാണ്. ആരു ശ്രമിച്ചാലും പിണറായി വിജയന് ഉള്ളിടത്തോളം കാലം തന്നെ തൊടാന്‍ പറ്റില്ലന്ന് വീമ്പിളക്കിയിരുന്ന ആളായിരുന്നു അദ്ദേഹം. എന്നാല്‍ ഇത്തവണ ശശിക്കു അല്‍പ്പം പിഴച്ചു. എംവി ഗോവിന്ദന് നേരിട്ട് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് പികെശശിയെ തരംതാഴ്ത്താന്‍ തിരുമാനിച്ചത്.
മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ കോളേജിന്റെ പ്രവര്‍ത്തനങ്ങളിലും ഇതിലേക്ക് പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണസ്ഥാപനങ്ങളില്‍നിന്ന് ഫണ്ട് സ്വീകരിച്ചതിലും ക്രമക്കേടുണ്ടായെന്നുള്ള ആരോപണങ്ങളാണ് പികെ ശശിക്ക് വിനയായത്. വിഭാഗീയതയെ തുടര്‍ന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റില്‍നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് ശശിയെ നേരത്തേ തരംതാഴ്ത്തിയിരുന്നു. മണ്ണാര്‍ക്കാട് സഹകരണ എജ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സല്‍ കോളജിനു വേണ്ടി ധനസമാഹരണവും ദുര്‍വിനിയോഗവും നടത്തിയെന്ന പരാതി പാര്‍ട്ടി അന്വേഷണ കമ്മിഷനെ നിയമിച്ച് പരിശോധിച്ചു. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാര്‍ട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് ആരോപണം ഉയര്‍ന്നത്.
നടപടി വന്നതോടെ അദ്ദേഹത്തിന് സിഐടിയു ജില്ലാ പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടി വരികയും ചെയ്തു. എന്നാല്‍ കെടിഡിസി ചെയര്മാന് സ്ഥാനം രാജിവയ്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലന്നാണ് പിന്നീട് പികെ ശശി മാധ്യമങ്ങളോട് പറഞ്ഞത്. അതോടെയാണ് പിണറായി വിജയന് ഇപ്പോഴും ശശിക്കു പിന്നിലുണ്ടെന്ന സൂചന ലഭിച്ചത്. അല്ലങ്കില്‍ പാര്‍ട്ടി നടപടിയിലൂടെ ബ്രാഞ്ചിലേക്ക് തരംതാഴ്തത്തപ്പെട്ട ഒരു നേതാവിന് ഒരിക്കലും ഇത്തരത്തില്‍ പറയാന്‍ കഴിയില്ല. ശശിക്കെതിരെ ഇത്തരത്തിലൊരു നടപടിയടെുത്തതില് എംവി ഗോവിന്ദന് കാണിച്ച തിടുക്കം പിണറായിക്ക് അത്ര ഇഷ്ടപ്പെട്ടിട്ടില്ലന്നാണ് ഒരു വിഭാഗം സിപിഎം നേതാക്കള്‍ നല്കുന്ന സൂചന. പിണറായിക്ക്് അസംതൃപ്തിയുണ്ടെന്ന് ശശിക്കും മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് കെടിഡിസി ചെയര്മാന് സ്ഥാനം രാജിവക്കുന്നത് തന്റെ അജണ്ടയിലില്ലന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.
പിണറായിയുടെ പിന്തുണ തുടര്‍ന്നും തനിക്ക് ലഭിക്കുമെന്ന സൂചന പികെ ശശിക്ക് ലഭിച്ചുകാണണം, അതുകൊണ്ടാണ് അദ്ദേഹം ഇത്തരത്തില്‍ പറയുന്നതെന്ന് വിശ്വസിക്കുന്നവരാണ് സിപിഎമ്മില്‍ ഏറെയും. സംസ്ഥാനത്ത് നിരവധി സിപിഎം നേതാക്കള്‍ വിവിധ തലത്തിലുള്ള അഴിമതിയാരോപണങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ പികെ ശശിക്കെതിരെമാത്രം ഇത്ര തിടുക്കത്തില്‍ നടപടിയെടുത്തതിന് പിന്നില്‍ മറ്റു ചില രാഷ്ട്രീയകാരണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പാര്‍ട്ടിയില്‍ ചില ശുദ്ധീകരണപ്രക്രിയകള്‍ വേണമെന്ന നിലപാടുകാരാണ്. ഈ വിഭാഗത്തിന് അനഭിമതനാണ് പികെ ശശി. തനിക്കൊപ്പമുള്ള ഒരാള്‍ക്കെതിരെ ഇത്ര കടുത്ത നടപടിയെടുത്തത് പിണറായി വിജയന് ക്ഷീണമായിട്ടുണ്ട്. എ്ന്നാല്‍ പാലക്കാട് ജില്ലാ കമ്മിറ്റി ഒറ്റെക്കെട്ടായി ശശിക്കെതിരെ നിലയുറപ്പിച്ചപ്പോള്‍ സംസ്ഥാന നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ജില്ലാ കമ്മിറ്റി ഇത്ര കടുത്ത നിലപാട് എടുത്തതിന് പിന്നില്‍ എംവി ഗോവിന്ദന്റെ പരോക്ഷ പിന്തുണയുളളതുകൊണ്ടാണെന്നും സിപിഎം വൃത്തങ്ങള്‍ സൂചന നല്കുന്നു. മുന്‍ മന്ത്രി എകെ ബാലന് പികെ ശശിയെ സംരക്ഷിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാതെ പോയതും എംവി ഗോവിന്ദന്റെ കടുംപിടുത്തം കൊണ്ടാണെന്ന് സിപിഎമ്മിലെ പ്രബലമായ വിഭാഗം വിശ്വസിക്കുന്നു.