കണ്ണൂര്‍ : മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ. രണ്ട് മുതൽ 9വരെ പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസിൽ ഒൻപത് സിപിഎം പ്രവർത്തകർ കുറ്റക്കാരാണന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. പി.എം മനോജിന്റെ സഹോദരൻ മനോരജ്, ടി.പി കേസ് പ്രതി ടി.വി രജീഷ് അടക്കമുള്ളവർക്കാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ആദ്യ ആറു പ്രതികൾ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായും കോടതി കണ്ടെത്തിയിരുന്നു. മൂന്നുപേർക്കെതിരെ ഗൂഢാലോചനയും തെളിഞ്ഞിട്ടുണ്ട്.
2005 ആഗസ്റ്റ് 7 നാണ് സൂരജ് കൊല്ലപ്പെട്ടത്. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന്റെ വൈരാഗ്യത്തിൽ സൂരജിനെ കൊലപ്പെടുത്തി എന്നാണ് കേസ്.രണ്ടു പതിറ്റാണ്ട് പൂർത്തിയാവാൻ മാസങ്ങൾ മാത്രം ശേഷിക്കുകയാണ് കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയുന്നത്. ആകെ 12 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ ഒന്ന്, 12 പ്രതികൾ വിചാരണക്കിടെ മരിച്ചു. പത്താം പ്രതിയെ കുറ്റക്കാരനല്ലന്ന് കണ്ട് കോടതി വെറുതെവിട്ടു.