തിരുവനന്തപുരം: ഭരണ ഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. ഐക്യകേരളപ്പിറവി കഴിഞ്ഞ് അരനൂറ്റാണ്ട് പിന്നിട്ട ശേഷവും സംസ്ഥാനത്തിന്റെ പേര് ഏകീകൃത സ്വഭാവമില്ലാതെ ഉപയോഗിക്കപ്പെടുന്നത് അവസാനിപ്പിക്കാനുള്ള ശ്രമമാണ് അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്നത്. മുഴങ്ങട്ടെ കേരളം എന്ന പേരിൽ കേരളത്തെ വീണ്ടെടുക്കാൻ ഏഷ്യാനെറ്റ് ന്യൂസ് കാമ്പയിൻ സംഘടിപ്പിച്ചിരുന്നു. ഈ ക്യാമ്പയിനിലൂടെയാണ് സംസ്ഥാനത്തിന്റെ ദീർഘകാലമായുള്ള ആവശ്യം ഒരിക്കൽ കൂടി പൊതു സമക്ഷം വന്നത്.
കഴിഞ്ഞ വർഷം മുഖ്യമന്ത്രി പേര് മാറ്റത്തിൽ അവതരിപ്പിച്ച പ്രമേയം പാസാക്കിയിരുന്നു . ഭരണ ഘടനയുടെ ഒന്നാം പട്ടികയിലും എട്ടാം പട്ടികയിലും പേര് മാറ്റത്തിനായിരുന്നു ആവശ്യം. എന്നാൽ, ഒന്നാം പട്ടികയിൽ മാത്രം പേര് മാറ്റിയാൽ മതി എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് പുതിയ പ്രമേയം.കേരളാ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ കേരൾ എന്നാണ് ഹിന്ദിയിൽ. എന്നാൽ ഇത് രണ്ടും വേണ്ട കേരളം മതിയെന്ന നിലപാട് സംസ്ഥാനത്തിന്റെ തന്നെആവശ്യമായി മാറിയത് ഏഷ്യാനെറ്റ് ന്യൂസ് മുഴങ്ങട്ടെ കേരളം പരമ്പരയിലൂടെയാണ്. ഗവൺമെൻറ് ഓഫ് കേരളയെന്ന ഇംഗ്ലീഷ് എഴുത്ത് ഗവൺമെൻറ് ഓഫ് കേരളം എന്നാകേണ്ട കാലം അതിക്രമിച്ചില്ലേയെന്ന ചോദ്യമാണ് മുഴങ്ങട്ടെ കേരളം ഉയർത്തിയത്.
2021 നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന മുഴങ്ങട്ടെ കേരളം പരമ്പരക്ക് ഏഷ്യാനെറ്റ് ന്യൂസ് തുടക്കം കുറിച്ചത്.മുരുകൻ കാട്ടാക്കട, എൻ.എം കാരശ്ശേരി, സുരേഷ് ഗോപി തുടങ്ങിയവർ അടങ്ങുന്ന പ്രമുഖരുടെ നിര തന്നെ ആദ്യദിവസം മുതൽക്കേ ഏഷ്യാനെറ്റ് പരമ്പരക്ക് പിന്തുണയുമായി എത്തിയിരുന്നു. അന്നത്തെ നിയമസഭാ സ്പീക്കർ എം.ബി രാജേഷും മന്ത്രിസഭാംഗങ്ങളും പിന്തുണച്ചതോടെയാണ് നിയമസഭാ പ്രമേയം വന്നത്. നൂറ്റാണ്ടുകളായി കേരളം എന്ന പേര് സാഹിത്യത്തിലും ചരിത്രത്തിലും ഉണ്ടായിട്ടും അത് കേരള ആയി മാറിയത് ബ്രിട്ടീഷുകാരുടെ പ്രയോഗം കാരണമാണ്. ഐക്യ കേരളം പിറന്ന് ആറര പതിറ്റാണ്ടായിട്ടും ‘കേരളം’ എന്ന പേര് തിരിച്ചുപിടിച്ച് എല്ലാ രേഖകളിലും ഒരേപോലെയാക്കാൻ മലയാളികൾക്ക് കഴിഞ്ഞില്ല. മലയാളത്തിൽ സംസ്ഥാനം കേരളം എന്നാണ്. പക്ഷെ ചില സർക്കാർ രേഖകളിൽ പോലും ഇംഗ്ലീഷിൽ ഇപ്പോഴുമുള്ളത് ഗവൺമെൻറ് ഓഫ് കേരള എന്നാണ്.