ലഖ്നൗ : ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ക്ലാസ് മുറിയിൽ മുസ്ലീം വിദ്യാർത്ഥിയെ മറ്റ് വിദ്യാർത്ഥിയെ കൊണ്ട് മർദിച്ച സംഭവം വൻ വിവാദമായിരുന്നു. ഇപ്പോൾ ആശ്വാസമായി ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. മർദനമേറ്റ മുസ്ലീം വിദ്യാർത്ഥിയും മർദിച്ച സഹപാഠികളിലൊരാളും തമ്മിൽ ആലിംഗനം ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. കർഷക നേതാവ് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളെ ചേർത്തിരുത്തിയത്.
കുട്ടികള്‍ ആലിംഗനം ചെയ്യുന്നത് നല്ല സന്ദേശമാണെന്നും സ്നേഹത്തിന്റെ പാഠം പഠിപ്പിച്ചാൽ മാത്രമേ യഥാർഥ ഇന്ത്യ നിലനിൽക്കൂവെന്നും പറഞ്ഞുകൊണ്ടാണ് അഖിലേഷ് യാദവ് വിഡിയോ പങ്കുവച്ചത്. മർദനമേറ്റ കുട്ടിയുടെ അച്ഛന്റെ കയ്യിൽ അധ്യാപികയെക്കൊണ്ട് രാഖി കെട്ടിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. അധ്യാപിക പശ്ചാത്തപിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായും അഖിലേഷ് കൂട്ടിച്ചേർത്തു. ഒരു സംസ്കാരം കെട്ടിപ്പടുക്കാനും നശിപ്പിക്കാനും അധ്യാപകനു കഴിയും. ഒരു യഥാർഥ അധ്യാപകൻ മറ്റുള്ളവരുടെ തെറ്റുകൾ മാത്രമല്ല, സ്വന്തം തെറ്റുകളും തിരുത്തണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
അതിനിടെ ഹിന്ദു വിദ്യാര്‍ത്ഥികളെ കൊണ്ട് മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച അധ്യാപികയ്ക്ക് എതിരെ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടും കേസെടുക്കാതിരുന്നതിന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് അധ്യാപിക തൃപ്ത ത്യാഗിക്ക് എതിരെ മുസാഫര്‍നഗര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
വിഷയത്തില്‍ വിചിത്ര ന്യായീകരണവുമായി അധ്യാപിക രംഗത്തുവന്നിരുന്നു. ഇതൊരു നിസ്സാര സംഭവമാണെന്നും അംഗപരിമിത ആയതിനാല്‍ കുട്ടിയെ തല്ലാന്‍ മറ്റു വിദ്യാര്‍ത്ഥികളെ ഏല്‍പ്പിക്കുകയായിരുന്നു എന്നാണ് അധ്യാപികയുടെ ന്യായീകരണം. മുസാഫര്‍നഗറില്‍ നേഹ പബ്ലിക് സ്കൂളിലാണ് സംഭവം.ക്ലാസിന് മുന്നില്‍ നിര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിയെ തല്ലാന്‍ അധ്യാപിക തൃപ്ത ത്യാഗി നിര്‍ദേശിക്കുന്നത് അനുസരിച്ച് ഓരോ വിദ്യാര്‍ത്ഥികളായി വന്ന് കുട്ടിയെ മുഖത്തടിക്കുന്നത് വീഡിയോയില്‍ കാണാം. പതിയെ അടിക്കുന്ന കുട്ടകളോട്, ശക്തിയായി അടിക്കാന്‍ അധ്യാപിക പറയുന്നതും വീഡിയോയിലുണ്ട്. വിഡിയോ പകര്‍ത്തുന്ന ആള് ഉച്ചത്തില്‍ ചിരിക്കുകയും അധ്യാപികയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.