മൂവാറ്റുപുഴ: ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് മൂവാറ്റുപുഴയിൽ ആൾക്കൂട്ട കൊലപാതകത്തിനിരയായ സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകും. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കെന്ന് പൊലീസ്. ഇന്നലെ പത്തു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും.
കസ്റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം വാളകം സ്വദേശികളാണ്. പെൺസുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പത്ത് പേരെ കസ്റ്റഡിയിലെടുത്തത്. മരിച്ച അരുണാചൽ സ്വദേശി അശോക് ദാസിന്റെ (26) മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനിൽക്കും. തലയിലും നെഞ്ചിലും ഏറ്റക്ഷതമാണ് കാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വ്യാഴാഴ്ച രാത്രി 12 മണിയോടെ വാളകം കവലയിലാണ് അശോക് ദാസിനെ കെട്ടിയിട്ട് മർദ്ദിച്ചത്. ഹോട്ടലിൽ ഒപ്പം ജോലി ചെയ്തിരുന്ന പെൺ സുഹൃത്തിന്റെ വീട്ടിൽ രാത്രി എത്തിയതിനാണ് ആൾക്കൂട്ടം കട്ടിയിട്ട് മർദ്ദിക്കുകയായിരുന്നു. അവശനിലയിലായ അശോക് ദാസിനെ പൊലീസെത്തിയാണ് മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെത്തിച്ചത്. തുടർന്നാണ് വിദഗ്ധ ചികിത്സക്ക് കോട്ടയം മെഡിക്കലകോളജിലേക്ക് മാറ്റാനുള്ള നീക്കത്തിനിടയിൽ രണ്ട് മണിയോടെ അശോക് ദാസ് മരിക്കുകയായിരുന്നു.