തിരുവനന്തപുരം : അപകടങ്ങൾ തുടർക്കഥയായ മുതലപ്പൊഴിയിൽ ഇന്നുമുതൽ പാറയും മണ്ണും നീക്കാനാരംഭിക്കും. ലോങ് ബൂം ക്രയിനുപയോഗിച്ചാണ് പണികൾ നടക്കുക. കഴിഞ്ഞ ദിവസം മന്ത്രിമാരായ സജി ചെറിയാൻ, ആന്റണി രാജു എന്നിവർ അദാനി തുറമുഖ ഗ്രൂപ്പ് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ പാറനീക്കം ഉടൻ ആരംഭിക്കണമെന്ന് കർശന നിർദേശം നൽകിയിരുന്നു.
അഞ്ചു ട്രെയിലുകളിലായി തൂത്തുക്കുടിയിൽനിന്ന് എത്തിച്ച 40 മീറ്റർ നീളമുള്ള ലോങ് ബൂം ക്രെയിനിന്റെ യന്ത്രഭാഗങ്ങൾ ഒന്നിപ്പിച്ചു. ക്രെയിൻ അഴിമുഖത്തേക്ക് എത്തിക്കാനുള്ള പാതയുടെ നവീകരണവും പൂർത്തിയായി. 20 മീറ്റർ നീളമുള്ള എസ്കവേറ്ററും 22 മീറ്റർ നീളവുമുള്ള ബൂം ക്രെയിനും ഉപയോഗിച്ച് കഴിഞ്ഞ ഒന്നരമാസം മുമ്പ് കല്ല് നീക്കം ആരംഭിച്ചിരുന്നെങ്കിലും 400 ഓളം കല്ലുകളെ നീക്കാനായുള്ളു.
കടലിലേക്ക് വീണു കിടക്കുന്ന കൂറ്റൻ ടെട്രാപോഡുകൾ ഇവ ഉപയോഗിച്ച് നീക്കാനായില്ല. ഇതിനാൽ കഴിഞ്ഞ മൂന്നാഴ്ചയായി പാറനീക്കം നിർത്തി വച്ചിരുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ തുടർച്ചയായി അപകടങ്ങളുണ്ടായതോടെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാൻ അദാനി ഗ്രൂപ്പിനോട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടിരുന്നു.