തിരുവനന്തപുരം : മുതലപ്പൊഴി ഹാര്‍ബറിലെ അപകടങ്ങള്‍ കണക്കിലെടുത്ത് നവീകരണത്തിനായി സംസ്ഥാനം നല്കിയ പദ്ധതിരേഖ തള്ളി. സുരക്ഷയേക്കാള്‍ സൗന്ദര്യവത്കരണത്തിന് ഊന്നല്‍ നല്‍കുന്നതാണ് പദ്ധതി റിപ്പോര്‍ട്ടെന്ന കാരണം ചൂണ്ടികാട്ടിയാണ് കേന്ദ്രനടപടി. പദ്ധതി സംബന്ധിച്ച് സമഗ്രമായ റിപ്പോര്‍ട്ട് നല്കാന് നിര്‍ദേശിച്ചതായി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രി മറുപടി നല്കി.
മുതലപ്പൊഴിയില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഉറപ്പാക്കാനുള്ള നടപടികള്‍ക്കായി 50 കോടി രൂപയുടെ പദ്ധതി റിപ്പോര്‍ട്ട് കേരളം സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ പോലും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും സമഗ്രമായ റിപ്പോര്‍ട്ട് നല്കാന് കേരളത്തോട് ആവശ്യപ്പെട്ടതായി അടൂര്‍ പ്രകാശിന്റെ ചോദ്യത്തിന് കേന്ദ്ര ഫിഷറീസ് മന്ത്രി പര്‍ഷോത്തം റുപാല മറുപടി നല്കി.
കേരളത്തിന്റെ അപേക്ഷ അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടിയുള്ളതായിരുന്നു. ഹാര്‍ബറിനോട് ബന്ധപ്പെട്ട റോഡ്, പാര്‍ക്കിങ് ഏരിയ, കെട്ടിടങ്ങള്‍, കോള്‍ഡ് സ്റ്റോറേജ് തുടങ്ങിയവയുടെ നിര്‍മാണത്തിനും ഹാര്‍ബറിന്റെ സൗന്ദര്യവല്‍ക്കരണത്തിനുമാണ് കേരളം ഊന്നല്‍ നല്‍കിയതെന്നാണ് വിമര്‍ശനം.