വാഷിംഗ്ടൺ ഡിസി: ലഷ്കർ ഇ തൊയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ ഭീകരസംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്ന് പാക്കിസ്ഥാനോട് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും. അതിർത്തി കടന്നുള്ള ഭീകരതയെ അവർ ശക്തമായി അപലപിക്കുകയും തങ്ങളുടെ നിയന്ത്രണത്തിലുള്ള ഒരു പ്രദേശവും ഭീകരാക്രമണത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ പാകിസ്ഥാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇരുരാഷ്ട്ര തലവന്മാരും ആവശ്യപ്പെട്ടു.
മുംബൈ ഭീകരാക്രമണത്തിന് പദ്ധതിയിട്ട തീവ്രവാദികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അവർ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.ഭീകരതയെ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും വീഴ്ച വരുത്താൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 9/11 ന് ശേഷം രണ്ട് പതിറ്റാണ്ടിലേറെയും, മുംബൈയിലെ 26/11ന് ശേഷം ഒരു ദശാബ്ദത്തിലേറെയും, തീവ്രവാദവും ഭീകരവാദവും ഇപ്പോഴും ലോകത്തിന് മുഴുവൻ ഭീഷണിയായി തുടരുന്നു.ഈ പ്രത്യയശാസ്ത്രങ്ങൾ പുതിയ ഐഡന്റിറ്റികളും രൂപങ്ങളും സ്വീകരിക്കുന്നു, പക്ഷേ അവയുടെ ഉദ്ദേശ്യങ്ങൾ ഒന്നുതന്നെയാണ്” പ്രധാനമന്ത്രി മോദി യുഎസ് കോൺഗ്രസിൽ വ്യക്തമാക്കി. തീവ്രവാദം മനുഷ്യരാശിയുടെ ശത്രുവാണ്. അതിനെ കൈകാര്യം ചെയ്യുന്നതിൽ എന്തെങ്കിലും ബദൽ ഉണ്ടാകില്ല. ഭീകരതയെ സ്പോൺസർ ചെയ്യുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന എല്ലാ ശക്തികളെയും നമ്മൾ മറികടക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേർത്തു.
ഇന്ത്യയുമായുള്ള ബന്ധം ശക്തവും ആഴമേറിയതാണെന്നും സുരക്ഷിത ഭാവിക്കായി ഇരുരാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ ശേഷം സംയുക്ത പ്രസ്താവനയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണ് യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് ബൈഡൻ പറഞ്ഞു. ‘‘ദാരിദ്ര്യ നിർമാർജനം, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യപരിപാലനം, ഭക്ഷ്യസുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഇന്ത്യയും യുഎസും. ഇതെല്ലാം അമേരിക്കയ്ക്കും ഇന്ത്യയ്ക്കും ലോകത്തിനും ഭാവിയിൽ പ്രാധാന്യമുള്ളതാണ്. അമേരിക്കയും ഇന്ത്യയും തമ്മിൽ പ്രതിരോധ മേഖലയിൽ കൂടുതൽ സഹകരണമുണ്ടാകുമെന്നും മത, മാധ്യമ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ നട്ടെല്ലെന്നും ബൈഡന് കൂട്ടിച്ചേർത്തു.