പട്ന : വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടിൽ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ മുസ്ലിം സംഘടനകളുടെ തീരുമാനം. ഇതുസംബന്ധിച്ച് സംഘടനകൾ നിതീഷിന് കത്തയച്ചു.
‘2024ലെ നിർദിഷ്ട വഖഫ് ഭേദഗതി ബില്ലിനുള്ള താങ്കളുടെ തുടർച്ചയായ പിന്തുണയിൽ പ്രതിഷേധിച്ച്, 2025 മാർച്ച് 23ന് സർക്കാർ ഇഫ്താറിലേക്കുള്ള നിങ്ങളുടെ ക്ഷണം ഞങ്ങൾ ബിഹാറിലെ മില്ലി സംഘടനകൾ കൂട്ടായി നിരസിക്കുന്നു. ഈ ബിൽ വഖഫ് സ്വത്തുക്കളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ഉയർത്തുകയും ഭരണഘടനാ സംരക്ഷണങ്ങളെ ദുർബലപ്പെടുത്തുകയും മുസ്ലിംകളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ അരികുവൽക്കരണത്തെ കൂടുതൽ ആഴത്തിലാക്കുകയും ചെയ്യുന്നു’ -കത്തിൽ വ്യക്തമാക്കി.
നിതീഷ് കുമാറിന്റെ ഇഫ്താർ വിരുന്ന് ബഹിഷ്കരിക്കാൻ മറ്റു മുസ്ലിം സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. മതേതരമെന്ന് അവകാശപ്പെടുകയും എന്നാൽ, ഭരണ സർക്കാരിന്റെ ഭാഗമായിരിക്കുമ്പോൾ മുസ്ലിംകൾക്കെതിരായ അടിച്ചമർത്തലുകൾക്കും അനീതികൾക്കും എതിരെ മൗനം പാലിക്കുകയും ചെയ്യുന്നവർ സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾ, ഈദ് ആഘോഷം, മറ്റു പരിപാടികൾ എന്നിവയിൽ ജാമിയത്ത് ഉലമ-ഇ-ഹിന്ദ് പങ്കെടുക്കില്ലെന്ന് പ്രസിഡന്റ് മൗലാന അർഷാദ് മദനി പ്രസ്താവനയിൽ വ്യക്തമാക്കി.
വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോർഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. ബോർഡിന്റെ മാർഗനിർദേശപ്രകാരം ഇമാറാത്ത് ശരീഅത്തും മറ്റു മുസ്ലിം സംഘടനകളും മാർച്ച് 26ന് പട്നയിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്