മലപ്പുറം: സർക്കാരിനെതിരെ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് മുസ്ലിം ലീഗ്. അവശ്യസാധനങ്ങളുടെ വിലക്കയറ്റവും വൈദ്യുതി ചാർജ് വർധനയും ഉന്നയിച്ചാണ് ലീഗ് സമരത്തിനിറങ്ങുന്നത്. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള സിപിഎം ക്ഷണം ലീഗ് നിഷേധിച്ചതിന് തൊട്ടുപിന്നാലെയാണ് സമര പ്രഖ്യാപനം.
കെഎസ്ഇബി ഓഫീസുകൾക്ക് മുന്നിൽ വ്യാഴാഴ്ച മുസ്ലിം ലീഗ് ധർണ നടത്തുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു. കേരളത്തിലെ എല്ലാ വൈദ്യുതി ഓഫീസിനു മുന്നിലും ധർണ നടത്തുമെന്നും സലാം വ്യക്തമാക്കി. ജനകീയ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുന്നതായി മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളം ബ്രാൻഡ് ചെയ്യപ്പെടുന്നതു നല്ലതുതന്നെയാണ്. മറുവശത്ത് പെൻഷൻ പോലും കൊടുക്കാൻ സർക്കാരിനു കഴിയുന്നില്ല. സർക്കാരിന്റെ സാന്പത്തിക മാനേജ്മെന്റ് പരാജയമാണെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.