കൊച്ചി: വിഭാഗീയത രൂക്ഷമായ എറണാകുളം മുസ്ലിം ലീഗില്‍ വീണ്ടും അച്ചടക്കനടപടി. അഹ്മദ് കബീര്‍ ഗ്രൂപ്പിലെ രണ്ടുപേരെ സസ്പെന്‍ഡ് ചെയ്തു. കളമശ്ശേരി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.എം.എ ലത്തീഫ്, ആലുവ മണ്ഡലത്തിലെ കെ.എസ് തല്‍ഹത്ത് എന്നിവര്‍ക്കാണ് സസ്പെന്ഷന്. സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയെ അപകീര്ത്തിപ്പെടുത്തിയതിനാണു നടപടി.
വിഭാഗീയത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം കടുത്ത താക്കീത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണു രണ്ടു നേതാക്കള്‍ക്കെതിരെ നടപടി വരുന്നത്. അതേസമയം, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഹ്മദ് കബീര്‍ വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. കൗണ്‍സില്‍ വിളിച്ചുകൂട്ടി പുതിയ കമ്മിറ്റികളെ പ്രഖ്യാപിക്കണമെന്നും ആവശ്യമുണ്ട്.
വിഭാഗീയത വച്ചുപൊറുപ്പിക്കില്ലെന്നാണു കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി പി.എം.എ സലാം വ്യക്തമാക്കിയത്. വിഭാഗീയത തുടര്‍ന്നാല്‍ കഴിവും പ്രാഗത്ഭ്യവുമുള്ളവരെ കണ്ടെത്തി സ്ഥാനമാനങ്ങള്‍ ഏല്‍പ്പിക്കും. ഒരു ഗ്രൂപ്പിനെയും പ്രോത്സാഹിപ്പിക്കില്ല. പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷനു കീഴിലുള്ള ഒറ്റ ഗ്രൂപ്പ് മതിയെന്നും പി.എം.എ സലാം മുന്നറിയിപ്പ് നല്‍കിയിരുന്നു.
എറണാകുളം മുസ്ലിം ലീഗില്‍ വിഭാഗീയത രൂക്ഷമായി തുടരവേ വിമത ഗ്രൂപ്പ് ശക്തിപ്രകടനം നടത്തിയത് നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. പുറത്താക്കപ്പെട്ട ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിനെ പിന്തുണക്കുന്ന അഹ്മദ് കബീര്‍ ഗ്രൂപ്പാണ് കളമശ്ശേരിയില്‍ ശക്തിപ്രകടനം നടത്തിയത്. മണ്ഡലം ഭാരവാഹികള്‍ അടക്കമുള്ള നേതാക്കള്‍ യോഗത്തിനെത്തിയിരുന്നു.
അഹ്മദ് കബീര്‍-ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പുകള്‍ പോരടിക്കുന്ന എറണാകുളത്ത് ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടിലിനെ നേതൃത്വം പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നടപടിയോടുള്ള കടുത്ത അമര്‍ഷമാണ് കബീര്‍ ഗ്രൂപ്പിനെ ശക്തിപ്രകടനത്തിന് പ്രേരിപ്പിച്ചത്. ‘ഖിലാഫത്ത് റദ്ദാക്കലിന്റെ ഒരു നൂറ്റാണ്ട്’ എന്ന പേരിലാണ് കളമശ്ശേരിയില്‍ യോഗം സംഘടിപ്പിച്ചത്.