കാസര്‍ഗോഡ്: നാടിന്റെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാനാണ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ താന്‍ പങ്കെടുത്തതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ അംഗം എന്‍.എ.അബൂബക്കര്‍. പരിപാടിയില്‍ പങ്കെടുക്കുന്നത് കൊണ്ട് ഉണ്ടാകുന്ന രാഷ്ട്രീയ പ്രശ്ങ്ങളെക്കുറിച്ച് താന്‍ ചിന്തിച്ചിട്ടില്ലെന്നും അബൂബക്കര്‍ പ്രതികരിച്ചു.നവകേരള സദസിന്റെ പ്രഭാത യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രിക്കൊപ്പം വേദിയിലിരുന്ന് പ്രശ്നങ്ങള്‍ പറയാന്‍ അവസരം കിട്ടിയതില്‍ സന്തോഷമുണ്ട്. മറ്റ് വിഷയങ്ങളോട് പ്രതികരിക്കാനില്ലെന്നും അബൂബക്കര്‍ വ്യക്തമാക്കി.നവകേരള സദസിലെ നിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞാല്‍ അത് നല്ല കാര്യമാണ്. പരിപാടിയില്‍ രാഷ്ട്രീയം കാണുന്നില്ല. പ്രതിപക്ഷം പരിപാടി ബഹിഷ്കരിച്ചെന്ന കാര്യം അറിഞ്ഞിരുന്നോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതേ കുറിച്ച് തനിക്ക് കാര്യമായ വിവരമില്ലെന്നും അബൂബക്കര്‍ പ്രതികരിച്ചു.