തമ്മില്ത്തല്ലുകയല്ല, തെരെഞ്ഞെടുപ്പ് ജയിക്കാനുള്ള വഴികളാണ് നോക്കേണ്ടതെന്നും ലീഗ് നേതൃത്വം
കോണ്‍ഗ്രസില്‍ ഉരുണ്ടുകൂടിയിരിക്കുന്ന വിഡി സതീശന്- കെ സുധാകരന് പടലപ്പിണക്കത്തില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗിന് കടുത്ത അതൃപ്തി. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ വലിയ രാഷ്ട്രീയ നേട്ടം കോണ്‍ഗ്രസിലെ തമ്മിലടിമൂലം ഇല്ലാതാകുമെന്നാണ് മുസ്ളീം ലീഗ് നേതൃത്വം കരുതുന്നത്. ഇപ്പോള്‍ സിപിഎമ്മിനും ഇടതുമുന്നണിക്കും മേല്‍ വലിയ മേല്‍ക്കൈയ്യാണ് കോണ്‍ഗ്രസിനും യുഡിഎഫിനുമുള്ളത്. കെ സുധാകരനും വിഡി സതീശനും തമ്മിലിടിച്ച് ആ രാഷ്ട്രീയ മേല്‍ക്കൈ ഇല്ലാതാക്കുമെന്നാണ് ലീഗ് നേതൃത്വം പറയുന്നത്. തങ്ങളുടെ ഈ ആശങ്ക അവര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചു കഴിഞ്ഞു.
ഇടതുമുന്നണിയിലേക്ക് ചേക്കേറാന്‍ മാനസികമായി തയ്യാറെടുത്തുകഴിഞ്ഞിരുന്നതാണ് ഒരു ഘട്ടത്തിൽ മുസ്ളീം ലീഗ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മിന്നുന്ന വിജയത്തോടെയാണ് അവർ മനസ് മാറ്റിയത്. ഇനി യുഡിഎഫില്‍ ഉറച്ചു നിന്ന് പൊരുതുമെന്ന് സംശയലേശമന്യേ അവര്‍ സൂചിപ്പിച്ചുകഴിഞ്ഞു. അപ്പോഴാണ് കോണ്‍ഗ്രസിലെ പടലപ്പിണക്കം വീണ്ടും ചര്‍ച്ചയാകുന്നതും കെപിസിസി അധ്യക്ഷനും, നിയമസഭാ കക്ഷി നേതാവും തമ്മില്‍ കണ്ടാല്‍ മിണ്ടാത്ത അവസ്ഥയുണ്ടായതും. മുസ്ളീം ലീഗിനെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ അടിത്തറ സുഭദ്രമാണ്. റിക്കാര്‍ഡ് ഭൂരിപക്ഷമാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അവര്‍ മല്‍സരിച്ച പൊന്നാനിയിലും മലപ്പുറത്തും നേടിയത്. അതുകൊണ്ട് ലീഗിനല്ല മറിച്ച് കോണ്‍ഗ്രസിനാണ് ലീഗിന്റെ സഹായവും പിന്തുണയവും വേണ്ടത്. പ്രത്യേകിച്ച് മലബാര്‍ മേഖലയില്‍.
ഇടതുമുന്നണി പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ലീഗിനെ തങ്ങള്‍ക്കൊപ്പം എത്തിക്കാനുള്ള നീക്കം ഇതുവരെ പൂര്‍ണ്ണമായും അവസാനിപ്പിച്ചിട്ടില്ല. പികെ കുഞ്ഞാലിക്കുട്ടിയും പിണറായി വിജയനും തമ്മിലുള്ള ആത്മബന്ധം കേരളത്തിലെ മറ്റൊരു രാഷ്ട്രീയ നേതാക്കള്‍ക്കിടയിലും കാണാന്‍ പറ്റില്ല. എന്നിട്ടും ലീഗ് നേതൃത്വം കോണ്‍ഗ്രസിന് പിന്നില്‍ അടിയുറച്ച് നില്‍ക്കുകയാണ്. എന്നാല്‍ സതീശനും സുധാകരനും തമ്മിലുള്ള ഏറ്റമുട്ടല്‍ പരിധി കടന്നാല്‍ മുസ്ലീംലീഗ് ഇടപെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. കോണ്‍ഗ്രസില്‍ ഗ്രൂപ്പിസം ശക്തമാവുകയും, അത് യുഡിഎഫിനെ ബാധിക്കുകയും ചെയ്തപ്പോള്‍ കരുണാകരനെയും ആന്റെണിയെയും മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ കടുത്ത രാഷ്ട്രീയ നീക്കങ്ങളാണ് ലീഗ് നടത്തിയത്. അവസാനം
കോണ്‍ഗ്രസ് ഹൈക്കാമന്‍ഡിന് പോലും ലീഗിന്റെ വഴിയെ പോകേണ്ടി വന്നു.
കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അടിയന്തിരമായി ഇടപെട്ട് ഈ പ്രശ്നം തീര്‍ക്കണമെന്നാണ് ലീഗ് നേതൃത്വം കെസി വേണുഗോപാലിനോട് പറഞ്ഞത്. വയനാട് ലോക്സഭാ ഉപതെരെഞ്ഞെടുപ്പില്‍ രാഹുല്‍ഗാന്ധിക്ക് കിട്ടിയ അതേ ഭൂരിപക്ഷം തന്നെയെങ്കിലും പ്രിയങ്കക്ക് കിട്ടണം. അല്ലങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ഗാന്ധിയുടെ ഹിറ്റ്ലിസ്റ്റില് വരും. അങ്ങനെ ഭൂരിപക്ഷം കിട്ടണമെങ്കില്‍ ലീഗിന്റെ അകമഴിഞ്ഞ സഹായം വേണം. പാലക്കാട് അസംബ്ളി ഉപതെരഞ്ഞെടുപ്പിലും മുസ്ളീം ലീഗിന്റെ സഹായമില്ലാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ കഴിയില്ല. കാരണം ബിജെപിക്ക് വലിയ വോട്ടുബാങ്കുണ്ട്. കഴിഞ്ഞ തവണ കേവലം മൂവായിരത്തില്‍പ്പരം വോട്ടുകൊണ്ടാണ് ഷാഫി പറമ്പില്‍ ജയിച്ചുകയറിയത് .ഇത്തവണയും മുസ്ളീ വോട്ടുകള്‍ കൃത്യമായി കിട്ടിയില്ലങ്കില്‍ ഉപതെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കടന്നുകൂടില്ല.പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിലുള്ള ഏറ്റുമുട്ടല്‍ മുന്നണി ബന്ധങ്ങളെ ബാധിക്കുന്ന തലത്തിലേക്ക് വന്നാല്‍ ലീഗ് കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് തന്നെയാണ് അവര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ പന്ത് ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലാണ് . തങ്ങള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം കാത്തിരിക്കുകയാണെന്നാണ് ലീഗ് നേതൃത്വം വ്യക്തമാക്കിയിരിക്കുന്നത്.