കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ പങ്കെടുക്കുന്നതിൽ തീരുമാനമെടുക്കാൻ മുസ്ലിം ലീഗ് നേതൃയോഗം ഇന്നു ചേരും. ഉച്ചയ്ക്ക് കോഴിക്കോട് ലീഗ് ഹൗസിലാണു യോഗം. മുതിർന്ന നേതാക്കൾ മാത്രമാണു യോഗത്തിൽ പങ്കെടുക്കുന്നത്.
സി.പി.എം പരിപാടിയിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ലീഗ് നേതൃത്വത്തിനകത്ത് ഭിന്നാഭിപ്രായം നിലനിൽക്കുന്നുണ്ട്. കോൺഗ്രസ് നേതൃത്വം അതൃപ്തി അറിയിച്ച സാഹചര്യത്തിൽ മുന്നണി സംവിധാനത്തെ കൂടി പരിഗണിച്ചാകും ലീഗ് അന്തിമ തീരുമാനമെടുക്കുക. സി.പി.എം പരിപാടിയിലേക്ക് ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ വ്യക്തമാക്കിയതാണു പുതിയ ചർച്ചകൾക്കു തിരികൊളുത്തിയത്. ഇ.ടിയുടെ പ്രസ്താവനയ്ക്കു പിന്നാലെ പരിപാടിയിലേക്ക് സി.പി.എം ലീഗിനെ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു.
എന്നാൽ, സി.പി.എം പരിപാടിയിൽ പങ്കെടുക്കേണ്ടതില്ലെന്ന് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളും വ്യക്തമാക്കി. ഇതോടെയാണ് വിഷയം ചർച്ച ചെയ്യാനായി ഇന്ന് അടിയന്തരയോഗം വിളിച്ചത്. സി.പി.എമ്മിന്റെ ക്ഷണം ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ സ്ഥിരീകരിച്ചു. എന്നാൽ, ഇക്കാര്യത്തിൽ എല്ലാ വിഷയങ്ങളും പരിഗണിച്ച് കൂടിയാലോചിച്ചു തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതു സാമുദായിക താൽപര്യമല്ല. മനുഷ്യാവകാശ വിഷയമാണ്. മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്നമല്ല. ഓരോ ദിവസവും എത്ര കുഞ്ഞുങ്ങളാണ് അവിടെ മരിച്ചുവീഴുന്നത്. അതിൽ മുസ്ലിംകൾ മാത്രമല്ല, ക്രിസ്ത്യാനിയും ജൂതനുമെല്ലാമുണ്ടെന്നും ഇതു മുന്നണിരാഷ്ട്രീയവുമായും കേരളത്തിലെ തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട കാര്യമല്ലെന്നും സലാം വ്യക്തമാക്കുകയായിരുന്നു.