കോഴിക്കോട്: ഏക സിവിൽ കോഡിനെതിരെ മുസ്ലിം കോർഡിനേഷൻ കമ്മിറ്റി നടത്തുന്ന സെമിനാർ ഇന്ന് കോഴിക്കോട് നടക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മത സംഘടനാ നേതാക്കൾ സംസാരിക്കും. സിപിഎമ്മും സെമിനാറിൽ പങ്കെടുക്കും. ഏക സിവിൽ കോഡ്; ധ്രുവീകരണ അജണ്ടയുടെ കാണാപ്പുറങ്ങൾ എന്ന പേരിലാണ് മുസ്ലിം കോർഡിനേഷൻ കമ്മിറ്റി സെമിനാർ നടത്തുന്നത്.
മുസ്ലിം ലീഗ്, ഇരു വിഭാഗം സമസ്ത, ജമാഅത്തെ ഇസ്ലാമി തുടങ്ങി എല്ലാ വിഭാഗം മുസ്ലിം സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ഏക സിവിൽ കോഡിനെതിരെ യോജിച്ച പോരാട്ടം എന്ന നയത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം കെ.ടി.കുഞ്ഞിക്കണ്ണനാണ് സിപിഎം പ്രതിനിധിയായി സെമിനാറിൽ പങ്കെടുക്കുക.
ഡി.എം.കെ നേതാവും തമിഴ്നാട് മന്ത്രിയുമായ അഡ്വ. മാ സുബ്രഹ്മണ്യൻ സെമിനാർ ഉദ്ഘാടനം ചെയ്യും. ധ്രുവീകരണ അജണ്ടകളെ തുറന്നുകാട്ടുന്ന ചർച്ചകളാണ് സെമിനാറിലൂടെ ഉദ്ദേശിക്കുന്നതെന്ന് കോർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മെമ്മോറിയൽ ഹാളിൽ ബുധനാഴ്ച വൈകീട്ടാണ് പരിപാടി. സെമിനാറിന്റെ ഭാഗമായി മണിപ്പൂർ ഐക്യദാർഢ്യ സദസും നടക്കും.