കൊച്ചി: എം.ടി വാസുദേവന്‍ നായരുടെ ജന്മദിനാഘോഷ വേദിയില്‍ നടന് ആസിഫ് അലിയെ അപമാനിച്ച് സംഗീതജ്ഞന് രമേഷ് നാരായണന്. എം.ടിയുടെ കഥകള്‍ ആസ്പദമാക്കി പുറത്തിറങ്ങുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി സീരീസിന്റെ ട്രെയിലര്‍ ലോഞ്ചിങ്ങിനിടെയായിരുന്നു സംഭവം. ആസിഫ് അലിയില്‍നിന്ന് പുരസ്കാരം സ്വീകരിക്കാന്‍ വിമുഖത കാണിക്കുകയായിരുന്നു രമേഷ് നാരായണന്. പിന്നീട് സംവിധായകന് ജയരാജിനെ വിളിച്ച് പുരസ്കാരം മാറ്റിവാങ്ങിക്കുകയും ചെയ്തു.
ആന്തോളജിയുടെ ഭാഗമായ അണിയറ പ്രവര്‍ത്തകരെ ആദരിക്കുന്ന കൂട്ടത്തിലായിരുന്നു രമേഷ് നാരായണനും പുരസ്കാരം നല്‍കിയത്. സീരീസില്‍ ജയരാജ് സംവിധാനം ചെയ്യുന്ന ‘സ്വര്‍ഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തിന് സംഗീതം നല്‍കിയത് രമേഷാണ്. പുരസ്കാരം നല്കാന് ആസിഫ് അലിയെയും സ്വീകരിക്കാന്‍ രമേഷ് നാരായണനെയും അവതാരക സ്വാഗതം ചെയ്തപ്പോഴായിരുന്നു വിവാദ സംഭവം. ആസിഫ് അലി പുരസ്കാരം കൈമാറിയെങ്കിലും മുഖത്തു പോലും നോക്കാതെ നീരസം പരസ്യമാക്കിയാണ് രമേഷ് നാരായണന് മൊമെന്റോ സ്വീകരിച്ചത്. പിന്നാലെ ആസിഫ് അലി തൊട്ടടുത്തുനില്‍ക്കെ ജയരാജിനെ അടുത്തേക്കു വിളിച്ചു. ഇതോടെ ആസിഫ് അലി പതുക്കെ വേദിയില്‍നിന്നു പിന്മാറി.
തുടര്‍ന്ന് മൊമെന്റോ ജയരാജിനു നല്കി വീണ്ടും സ്വീകരിക്കുകയായിരുന്നു രമേഷ് നാരായണന് ചെയ്തത്. നടപടിയില്‍ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. ആസിഫിനെ പരസ്യമായി അപമാനിക്കുകയാണ് രമേഷ് നാരായണന് ചെയ്തതെന്നാണ് വിമര്‍ശനമുയരുന്നത്. എം.ടിയുടെ ഒന്‍പത് കഥകള്‍ ആസ്പദമാക്കി എട്ട് സംവിധായകര്‍ അണിയിച്ചൊരുക്കുന്ന ആന്തോളജി സീരീസാണ് ‘മനോരഥങ്ങള്‍’. പ്രിയദര്ശന്, രഞ്ജിത്ത്, സന്തോഷ് ശിവന്, ജയരാജ്, ശ്യാമപ്രസാദ്, മഹേഷ് നാരായണന്, രതീഷ് അമ്പാട്ട്, എം.ടിയുടെ മകള്‍ അശ്വതി എന്നിവരാണ് ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി, മോഹന്‍ലാല്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഫഹദ് ഫാസില്‍, ബിജു മേനോന്, പാര്‍വതി തിരുവോത്ത്, ആസിഫ് അലി, ഇന്ദ്രജിത്ത് സുകുമാരന്‍, വിനീത്, ആന്‍ അഗസ്റ്റിന്, സുരഭി ലക്ഷ്മി തുടങ്ങി വന്‍ താരനിര തന്നെ സീരീസില്‍ അണിനിരക്കുന്നുണ്ട്.
തിങ്കളാഴ്ച കൊച്ചിയിലായിരുന്നു എം.ടിയുടെ 91-ാം പിറന്നാളിന്റെ ഭാഗമായി ആഘോഷ പരിപാടികള്‍ നടന്നത്. ചടങ്ങില്‍ സീരീസിന്റെ ട്രെയിലര്‍ എം.ടിയും മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങളും ചേര്‍ന്ന് ലോഞ്ച് ചെയ്തു.