മുംബൈ : പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞന് ഉസ്താദ് റാഷിദ് ഖാന് അന്തരിച്ചു. പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിച്ച് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 55 വയസായിരുന്നു. തുടക്കത്തില്‍ അദ്ദേഹം മരുന്നുകളോട് പ്രതികരിച്ചിരുന്നുവെങ്കിലും പിന്നീട് ആരോഗ്യനില വഷളാവുകയായിരുന്നു.
കഴിഞ്ഞ മാസമാണ് സെറിബ്രല്‍ അറ്റാക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യ നില വളരെ മോശം സാഹചര്യത്തിലായത്. ടാറ്റ മെമ്മോറിയല്‍ കാന്‍സര്‍ ആശുപത്രിയിലായിരുന്നു ചികിത്സ. ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. വളരെ പെട്ടെന്നാണ് ആരോഗ്യ നിലയില്‍ മാറ്റം വന്നതെന്നും അടുത്ത വൃത്തങ്ങള്‍ പറയുന്നു.
രാംപൂര്‍ സഹസ്വാന് ഘരാനയിലെ പ്രമുഖ സംഗീതകാരനായിരുന്നു റാഷിദ് ഖാന്.
ഉത്തര്‍പ്രദേശിലെ ബദായൂമില്‍ ജനിച്ച റാഷിദ് ഖാന് അമ്മാവനായ ഉസ്താദ് നിസ്സാര്‍ ഹുസൈന് ഖാനില്‍ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ അനന്തരവന് കൂടിയാണ് റാഷിദ് ഖാന്.
അമ്മാവന് ഗുലാം മുസ്തഫ ഖാനാണ് അദ്ദേഹത്തിന്റെ സംഗീത കഴിവുകള്‍ ആദ്യം തിരിച്ചറിഞ്ഞത്. അമ്മാവന് ശേഷം നിസ്സാര്‍ ഹുസൈന് ഖാനില്‍ നിന്ന് സംഗീതത്തിന്റെ ആദ്യ അറിവുകള്‍ നേടി. മിയാന്‍ തന്സന്റെ 31 ആം തലമുറയാണ് അദ്ദേഹം. 11 വയസിലാണ് അദ്ദേഹം ആദ്യ സംഗീതക്കച്ചേരി നടത്തുന്നത്. വിളംബിതമധ്യ കാലങ്ങളില്‍, ഗാംഭീര്യസ്വരത്തില്‍, സങ്കീര്‍ണമായ താളഘടനയോടെ അവതരിപ്പിക്കുന്ന കൃതികളാണ് അദ്ദേഹത്തിന്റെ ആലാപനത്തിന്റെ പ്രത്യേകത. സോമ ഖാന് ആണ് ഭാര്യ.