കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു. പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്.
വിർച്വൽ അറസ്റ്റിലാണെന്നും പണം ഉടൻ കൈമാറണമെന്നും സംഘം ഫോണിലൂടെ ആവശ്യപ്പെട്ടു. പണം നൽകുന്നതിനായി കൊടുത്ത അക്കൗണ്ട് കമ്പനിയുടെ പേരിലായിരുന്നു. തട്ടിപ്പെന്ന് സംശയം തോന്നിയ ബാങ്ക് മാനേജർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തുകയായിരുന്നു. കഴിഞ്ഞ മാസം കേസിൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ അധിപൻ ഗീവർഗീസ് കുറിലോസിൽ നിന്ന് 15 ലക്ഷം രൂപ സംഘം തട്ടിയെടുത്തിരുന്നു.