ന്യൂഡൽഹി : വഖഫ് ഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം നല്കി കേന്ദ്ര സര്‍ക്കാര്‍. മറ്റ് സംസ്ഥാനങ്ങളില്‍ സമാനമായ സംഘര്‍ഷം ഉണ്ടാകുന്നത് തടയാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കണമെന്ന് കേന്ദ്രം, വിവിധ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്കി. അതേസമയം ഭാങ്കറില് സംഘര്‍ഷം ഉണ്ടായി. പ്രതിഷേധക്കാര്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ ആക്രമണം നടത്തി. രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ജനങ്ങള്‍ സംയമനം പാലിക്കണമെന്നും, സമാധാനത്തിന്റെ പാത സ്വീകരിക്കണമെന്നും മുഖ്യമന്ത്രി മമത ബാനര്‍ജി ആഹ്വാനം ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരുനൂറിലേറെ പേരെ ഇതിനകം അറസ്റ്റ് ചെയ്തു. മുര്‍ഷിദാബാദില്‍ ഇന്റര്‍നെറ്റിന് ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് അവസാനിക്കും. ഇന്റര്‍നെറ്റ് നിരോധനം നീട്ടും എന്നാണ് സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന. വെള്ളിയാഴ്ച സംഘര്‍ഷം ഉണ്ടായ മുര്‍ഷിതബാദില്‍ നിലവില്‍ സ്ഥിതികള്‍ ശാന്തമാണ്.
മുര്‍ഷിദാബാദിന് പുറമേ ഹൂഗ്ലി, മാള്‍ഡ, സൗത്ത് പര്‍ഗാനസ് തുടങ്ങിയ ജില്ലകളിലാണ് വഖഫിനെതിരെ പ്രതിഷേധമുണ്ടായത്. കത്തിയെരിഞ്ഞ കടകളുടെയും വീടുകളുടെയും വാഹനങ്ങളുടെയുമെല്ലാം ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.