കൊച്ചി : ആലുവ മൂഴിക്കുളത്ത് അമ്മ കൊലപ്പെടുത്തിയ മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛന്റെ ബന്ധു അറസ്റ്റിൽ.ഇന്നലെ നടന്ന ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചിരുന്നു. കുട്ടി നിരന്തരം പീഡനത്തിനിരയായിരുന്നുവെന്നാണ് വിവരം. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൊല്ലപ്പെട്ട കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. പോക്സോ കൂടി ചുമത്തിയതോടെ കേസ് പ്രത്യേക സംഘം അന്വേഷിക്കും. പുത്തൻകുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഫോറൻസിക് ഉദ്യോഗസ്ഥരെയും ടീമിൽ ഉൾപെടുത്തും. കുട്ടിയുടെ അമ്മയെ പൊലീസ് വിശദമായ ചോദ്യം ചെയ്യും.അമ്മയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് കുട്ടിയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അച്ഛന്റെ മൂന്ന് ബന്ധുക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു.എന്നാല്‍ രണ്ടുപേരെ പൊലീസ് വിട്ടയക്കുകയായിരുന്നു.ഇതിലൊരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പീഡനവുമായി ബന്ധപ്പെട്ടാണോ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് ഇപ്പോള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
രണ്ട് ദിവസം മുമ്പാണ് മൂന്ന് വയസ്സുകാരിയെ അമ്മ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയത്. അംഗണ്‍വാടിയിൽ നിന്ന് കൂട്ടിവരുമ്പോൾ കുട്ടിയെ ബസിൽ നിന്ന് കാണാതായി എന്നായിരുന്നു അമ്മ ആദ്യം മൊഴി നൽകിയിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് പുഴയിലെറിഞ്ഞ് കൊന്നുവെന്ന് അമ്മ സമ്മതിച്ചത്. തുടർന്ന് അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ കൊലപാതകം നടത്തിയെന്ന് അമ്മ സമ്മതിച്ചെങ്കിലും എന്തിന് കൊന്നു എന്നത് ഇതുവരെ പറഞ്ഞിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ പ്രതി വിട്ടുപറയുന്നില്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
അതേസമയം, കൊലപാതകം ആസൂത്രിതമായിരുന്നുവെന്ന് പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കുട്ടിയുമായി അമ്മ ആലുവാ മണപ്പുറത്ത് എത്തിയിരുന്നെന്നും സംശയം തോന്നി ഓട്ടോഡ്രൈവര്‍മാര്‍ ചോദ്യം ചെയ്തപ്പോഴാണ് അവിടെ നിന്ന് മടങ്ങിയത്. പിന്നീടാണ് പാലത്തില്‍നിന്നും കുട്ടിയെ താഴേക്കിട്ട് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം അമ്മക്ക് യാതൊരു കൂസലുമില്ലായിരുന്നെന്ന് പ്രതിയുടെ മാതാവും പ്രതികരിച്ചിരുന്നു.