കൊച്ചി : അക്രമത്തിന്റെ ഇര എന്ന നിലയില്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് പി ജയരാജന്. തന്നെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാളൊഴികെ എട്ടു പ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്.
ഈ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പില്‍ പോകണമെന്ന് ജയരാജന് പറഞ്ഞു. അതോടൊപ്പം അക്രമത്തിന്റെ ഇര എന്ന നിലയില്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാമോ എന്നത് നിയമവിദഗ്ധന്‍മാരുമായി ആലോചിക്കും. 24 വര്‍ഷം മുന്‍പായിരുന്നു തനിക്കെതിരായ ആക്രമണം ഉണ്ടായത്. അന്ന് നാട്ടിലാകെ രാഷ്ട്രീയ സംഘര്‍ഷമുണ്ടായി. ദീര്‍ഘകാലമായി സമാധാന അന്തരീക്ഷമാണ് നില്‍ക്കുന്നത്. ആ സമാധാന അന്തരീക്ഷത്തിന് ഭംഗംവരുത്തുന്ന യാതൊരു കാര്യവും ഈ വിധിയെ തുടര്‍ന്ന് ഉണ്ടാകരുതെന്നും ജയരാജന് പറഞ്ഞു.
1999ലെ തിരുവോണ നാളില്‍ പി ജയരാജനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണു കേസ്. കേസില്‍ ഒരാളൊഴികെ എട്ടുപ്രതികളെയും ഹൈക്കോടതി വെറുതെ വിട്ടു. തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധി. രണ്ടാം പ്രതി ചിരിക്കണ്ടോത്ത് പ്രശാന്തിനെയാണ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്. എന്നാല്‍ പ്രശാന്തിന്റെ ശിക്ഷ ഇളവു ചെയ്തിട്ടുണ്ട്. 10 വര്‍ഷം കഠിന തടവെന്ന വിചാരണക്കോടതിയുടെ ശിക്ഷ ഒരു വര്‍ഷത്തെ വെറുംതടവാക്കി കുറച്ചു. ജനുവരി 11ന് പ്രസ്താവിച്ച വിധിയുടെ പകര്‍പ്പ് ഇപ്പോഴാണ് പുറത്തു വന്നത്. ജസ്റ്റിസ് സോമരാജന്റെ കോടതിയാണ് വിധി പ്രസ്താവിച്ചത്.ആര്‍എസ്എസ് ജില്ലാ കാര്യവാഹക് കണിച്ചേരി അജി ഉള്‍പ്പെടെ ആറു പേരെ വിചാരണക്കോടതി 10 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു. മൂന്നു പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ശിക്ഷിച്ചതിനെതിരെ പ്രതികളും മൂന്നു പേരെ വെറുതെ വിട്ടതിനെതിരെ സര്‍ക്കാരുമാണ് ഹൈക്കോടതിയെ സമീപിച്ചത്. 9 പ്രതികളില്‍ 8 പേരെയാണ് വെറുതെ വിട്ടിരിക്കുന്നത്. കേസില്‍ പ്രോസിക്യൂഷന് വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങളില്‍ കൃത്യമായ തെളിവു ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു കോടതി പറഞ്ഞു.