ഭുവനേശ്വർ : മലയാളി താരം എം. ശ്രീശങ്കർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ലോംഗ്ജംപിൽ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ശ്രീശങ്കറിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്. ഫൈനൽ തിങ്കളാഴ്ച നടക്കും. ആദ്യ ചാട്ടത്തിൽ തന്നെ ശ്രീ 8.41 മീറ്റർ കടന്നു. ബുഡാപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള യോഗ്യതാ ദൂരം 8.25 മീറ്ററായിരുന്നു. ലോംഗ്ജംപിൽ 8.4 മീറ്റർ തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. കഴിഞ്ഞ മാർച്ചിൽ തമിഴ്നാടിന്റെ ജെസ്വിൻ ആൽഡ്രിൻ 8.42 മീറ്റർ ചാടി ദേശീയ റിക്കാർഡ് സ്ഥാപിച്ചിരുന്നു. ശ്രീശങ്കറിന്റെ പേരിലുണ്ടായിരുന്ന (8.36 മീറ്റർ) റിക്കാർഡാണ് ജെസ്വിൻ അന്ന് മറികടന്നത്.