കൽപറ്റ : മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ പുനരധിവസിപ്പിക്കേണ്ട കുടുംബങ്ങളുടെ അന്തിമ പട്ടിക സർക്കാരിന് സമർപ്പിച്ചു. 417 കുടുംബങ്ങൾ അന്തിമ പട്ടികയിൽ. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് പട്ടിക സർക്കാരിന് നൽകിയത്. 255 കുടുംബങ്ങൾ ആദ്യ അന്തിമ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഫേസ് 2 A അന്തിമ പട്ടികയിൽ 89 കുടുംബങ്ങളും ഫേസ് 2 B അന്തിമ പട്ടികകളിൽ 73 കുടുംബങ്ങളും ഉൾപ്പെട്ടു
മുണ്ടക്കൈ പ്രദേശത്തെ17 കുടുംബങ്ങളെ കൂടി അധികമായി പട്ടികകളിൽ ഉൾപ്പെടുത്തിയാണ് സർക്കാരിന് ശുപാർശ നൽകിയിരിക്കുന്നത്. പട്ടികയുമായി ബന്ധപ്പെട്ട നൂറിലധികം അപ്പീലുകളും സർക്കാർ പരിശോധനയ്ക്ക് വിട്ടു. പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും പട്ടികയിലില്ല. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ഇന്ന് യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് അന്തിമ പട്ടിക സമർപ്പിച്ചത്. പടവെട്ടിക്കുന്നും റാട്ടപാടിയും അട്ടമലയും ഉൾപ്പെടുത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരുന്നു.
ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിന് ഈ മാസം 27ന് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടുമെന്ന് നിയമസഭയിൽ റവന്യൂമന്ത്രി കെ രാജൻ വ്യക്തമാക്കിയിരുന്നു. കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ കണ്ടെത്തിയ 64 ഹെക്ടർ സ്ഥലത്ത് നിർമിക്കുന്ന ടൗൺഷിപ്പിൽ 7 സെന്റ് സ്ഥലവും 1000 ചതുരശ്ര അടിയുള്ള വീടും എന്നതാണ് സർക്കാർ നലപാട്.വീട് വേണ്ടാത്തവർക്ക് 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകും.