കൽപറ്റ : മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള മാതൃകാ ടൗൺഷിപ്പിന്റെ നിർമാണ പ്രവർത്തികൾ ഇന്നാരംഭിയ്ക്കും. ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക് ആണ് നിർമ്മാണ കരാർ. നിർമാണത്തിനായി കൽപറ്റ എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി ഇന്നലെ സർക്കാർ ഏറ്റെടുത്തു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആയിരുന്നു നടപടി.
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുമ്പ് കെട്ടി വെച്ചിരുന്നു. അത് കൂടാതെ 17. 77 കോടി രൂപ കൂടി ഹൈക്കോടതിയിൽ കെട്ടിവെക്കാൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേർന്ന് ഹൈക്കോടതി നിർദ്ദേശിച്ച തുക കോടതിയിൽ കെട്ടിവെച്ച് ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്.
എൽസ്റ്റൺ എസ്റ്റേറ്റിന് 17 കോടി രൂപ കൂടി അധികമായി നൽകണമെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവിട്ടത്. ഏറ്റെടുത്ത ഭൂമിക്ക് പകരമായി 26 കോടി രൂപ നൽകാനായിരുന്നു സംസ്ഥാന സർക്കാർ തീരുമാനം. ടൗൺഷിപ്പ് നിർമ്മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിൽ നഷ്ടപരിഹാരം സംബന്ധിച്ച് ആക്ഷേപം ഉന്നയിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.