കൊച്ചി : മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ നിയമിച്ച ജുഡീഷ്യൽ കമ്മീഷൻ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് റിപ്പോർട്ട് കൈമാറിയത്. മുനമ്പം നിവാസികളെ കുടിയൊഴിപ്പിക്കരുതെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. ഇനി നടപടികൾ സ്വീകരിക്കേണ്ടത് സർക്കാരാണെന്ന് ജസ്റ്റിസ്. സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു.
മുനമ്പം ഭൂമി പ്രശ്നം പഠിക്കാൻ കഴിഞ്ഞ വർഷം നവംബറിലാണ് സർക്കാർ കമ്മീഷൻ രൂപീകരിച്ചത്. ആറുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർക്ക് നൽകിയ നിർദേശം. 75 പേജുള്ള റിപ്പോർട്ടാണ് കമ്മീഷൻ സർക്കാരിന് സമർപ്പിച്ചത്.
പ്രദേശവാസികളെ മറ്റൊരിടത്ത് പുനരധിവസിപ്പിക്കുന്നത് പ്രായോഗികമല്ലെന്നാണ് റിപ്പോർട്ടിലെ പ്രധാന പരാമർശം. പ്രദേശവാസികളുമായും വഖഫ് ബോർഡുമായും പ്രദേശവാസികളുമായി ചർച്ച നടത്തി സർക്കാർ രമ്യമായ പരിഹാരം കണ്ടെത്തണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. ചർച്ചയിൽ പരിഹാരമായില്ലെങ്കിൽ സർക്കാർ ഭൂമി ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. ജുഡീഷണൽ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ എന്ത് നടപടി സ്വീകരിക്കും എന്നതാണ് ഇനി അറിയാനുള്ളത്.