കൊച്ചി : മുനമ്പം വിഷയത്തിൽ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. വൈകുന്നേരം നാലിന് ചേരുന്ന ഓൺലൈൻ യോഗത്തിൽ എറണാകുളം ജില്ലാ കലക്ടർ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. ആരെയും ഇറക്കി വിടില്ലെന്ന് ഉറപ്പ് നൽകുന്നതിനൊപ്പം സമരം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാരോട് മുഖ്യമന്ത്രി ആവശ്യപ്പെടും.
ജുഡീഷ്യൽ കമ്മീഷൻ നിയമപരിരക്ഷയ്ക്കാണ് നിയമിച്ചതെന്നും സമരക്കാരെ അറിയിക്കും. മുനമ്പം പ്രശ്നം പരിഹരിക്കുന്നതിനായി സുപ്രധാന തീരുമാനങ്ങളാണ് മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലുണ്ടായത്. ഭൂമിയിൽ താമസിക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്നതിനായി ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മീഷനെ വെക്കും. മൂന്ന് മാസത്തിനുള്ളിൽ പരിശോധന തീർക്കും.
ഭൂമിയിൽ താമസിക്കുന്നവർക്ക് റവന്യു അധികാരം ഉറപ്പാക്കാനാണിത്. വഖഫ് ബോർഡ് ഒഴിയാൻ ആർക്കും ഇനി നോട്ടീസ് നൽകില്ല. ഇതിനകം നോട്ടീസ് കിട്ടിയവർ ഒഴിയേണ്ട. കരം അടക്കുന്നതിലെ സ്റ്റേ ഒഴിവാക്കിക്കിട്ടാൻ സർക്കാരും ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു. കൈവശ അവകാശമുള്ള ഒരാളെയും മുനമ്പത്ത് നിന്ന് ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി രാജീവും ഇന്നലെ അറിയിച്ചിരുന്നു.