കൊച്ചി : മുനമ്പം ഭൂമി വിഷയത്തില്‍ ലത്തീന്‍ മെത്രാന് സമിതിയുമായി മുസ്ലീം ലീഗ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ സമവായ ധാരണ. ലീഗിന്റെ സമവായ നീക്കം സ്വാഗതം ചെയ്യുന്നതായി വരാപ്പുഴ അതിരൂപത മെത്രാന് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. പ്രശ്നം രമ്യമായി പരിഹരിക്കാനാകുമെന്നും ഇരുവിഭാഗവും പ്രത്യാശ പ്രകടപ്പിച്ചു. സമവായ നിര്‍ദേശം ഉപതെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന നിലപാടാണ് മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഉള്ളതെന്നും പികെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.
വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ലത്തീന്‍ മെത്രാന് സമിതിയിലെ പതിനാറ് മെത്രാന്മാരും മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളുമായി മുസ്ലീം ലീഗ് നേതാക്കന്മാരായ പാണക്കാട് സാദിഖലി തങ്ങളും പികെ കൂഞ്ഞാലിക്കുട്ടിയുമാണ് കൂടിക്കാഴ്ച നടത്തിയത്.
സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും മുനമ്പം വിഷയം പരിഹരിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് അതിരൂപത മെത്രാന് ജോസഫ് കളത്തിപ്പറമ്പില്‍ പറഞ്ഞു. ‘വിഷയം സര്‍ക്കാരിന്റെ അടുത്ത് പറയാമെന്നാണ് ഇവര്‍ പറയുന്നത്. മുനമ്പം വാസികളോട് ലീഗ് നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയം സോള്‍വ് ചെയ്യുമെന്നാണ് ഇവര്‍ പറയുന്നത്. അത് മുഖ്യമന്ത്രിയോട് പറഞ്ഞ് കോടതിയില്‍ കൊണ്ടുപോയി വേണ്ടവിധം പരിഹരിക്കുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്കും ഇവര്‍ക്കുമുള്ളത്. ഇവര്‍ വന്നതില്‍ ഞങ്ങള്‍ക്ക് ഒത്തിരി സന്തോഷം ഉണ്ട്. മത മൈത്രിയാണ് നിലനിര്‍ത്തേണ്ടത്. മാത്രമല്ല, ഇതൊരു മാനുഷിക പ്രശ്നമാണ്. ഇതൊരുമതത്തിന്റെയോ വര്‍ഗത്തിന്റെയോ പ്രശ്നമല്ല. 600ലധികം കുടുംബങ്ങള്‍ നേരിടുന്ന വലിയ പ്രശ്നമാണ്. ആപ്രശ്നം പരിഹരിക്കപ്പടണം. അത് പരിഹരിക്കാന്‍ ഇവരെല്ലാവരും നമ്മുടെ കൂടെ നില്ക്കുന്നതില് അഭിമാനമുണ്ട്’ – ബിഷപ്പ് പറഞ്ഞു.
തങ്ങളും ബിഷപ്പും തമ്മില്‍ സൗഹൃദ അന്തരീക്ഷത്തിലുളള ചര്‍ച്ചയാണ് നടന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ‘മുനമ്പം പ്രശ്നം വളരെ വേഗം പരിഹരിക്കാന്‍ കഴിയും. ചില സാങ്കേതിക പ്രശ്നം ഉള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് യോഗം വിളിക്കണമെന്ന് പറയുന്നത്. ഫാറൂഖ് കോളജ് കമ്മറ്റിയുടെയും എല്ലാ മുസ്ലീം സംഘടനകളുടെയും യോഗം സാദിഖലി തങ്ങള്‍ വിളിച്ചിരുന്നു. രമ്യമായി പരിഹരിക്കണമെന്നും പരിഹാരത്തിനായി തങ്ങളോട് മുന്‍കൈ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരുമായി കൂടിക്കാഴ്ച നടത്തും. പ്രശ്നം പരിഹരിക്കാനുള്ള വളരെ വ്യക്തമായ കാഴ്ചപ്പാടോടെയാണ് കൂടിക്കാഴ്ച പിരിഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.