കൊച്ചി : എറണാകുളം മുനമ്പത്ത് ഫൈബർ ബോട്ട് മുങ്ങി കാണാതായവരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായ മറ്റ് മൂന്ന് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കോസ്റ്റൽ പൊലീസും മറൈൻ എൻഫോമെന്റും കോസ്റ്റ് ഗാർഡുകളുo മത്സ്യത്തൊഴിലാളികളും ചേർന്നാണ് തെരച്ചിൽ നടത്തുന്നത് . മുനമ്പം തീരത്തു നിന്ന് 10 നോട്ടിക്കൽ മൈൽ പരിധിയിലാണ് തിരച്ചിൽ നടത്തുന്നത്. മാലിപ്പുറത്തുനിന്ന് മീന്‍പിടിക്കാന്‍ പോയ ബോട്ടാണ് മുങ്ങിയത്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മീൻ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയിൽപ്പെട്ട് മുങ്ങുകയായിരുന്നു.ഏഴ് മത്സ്യത്തൊഴിലാളികളായിരുന്നു അപകടത്തിൽപ്പെട്ടത്. ഇതില്‍ മൂന്നു പേരെ രക്ഷിച്ചിരുന്നു. രക്ഷപ്പെടുത്തിയ മൂന്നുപേരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അഞ്ചു പേർക്ക് കയറാവുന്ന ഫൈബർ വള്ളത്തിൽ ഏഴു പേർ കയറിയതും അളവിലും അധികം മീൻ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മുനമ്പത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും തിരച്ചിൽ സംഘത്തിലുണ്ട്.