കൊച്ചി : തീരദേശ മേഖലയുടെ ചിരകാല സ്വപ്നം സാക്ഷാൽക്കരിച്ച് എറണാകുളം തൃശൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന മുനമ്പം–അഴീക്കോട് പാലത്തിന്റെ നിർമാണോദ്ഘാടനം ഇന്നു നടക്കും. അഴീക്കോട് ജെട്ടി ഐഎംയുപി സ്കൂളിൽ രാത്രി എട്ടിന് പൊതുമരാമത്തുമന്ത്രി പി എ മുഹമ്മദ് റിയാസ് നിർമാണോദ്ഘാടനം നടത്തും. അനുബന്ധചെലവുകൾക്ക് ഉൾപ്പെടെ മുനമ്പം–അഴീക്കോട് പാലത്തിന് കിഫ്ബിയിൽനിന്ന് 160 കോടി രൂപയാണ് അനുവദിച്ചത്.
പാലത്തിനുമാത്രം ചെലവ് 143.28 കോടിയാണ്. ജലപാത സുഗമമാകുന്നതിന് എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ഉന്നതതലത്തിൽത്തന്നെ തീരുമാനങ്ങൾ കൈക്കൊണ്ടു. പാലത്തിന്റെ വശങ്ങളിലെ ഉയരം എട്ടേകാൽ മീറ്ററായി ഉയർത്തി. മീൻപിടിത്തയാനങ്ങൾക്ക് നിയമാനുസൃതം നിശ്ചയിച്ച ഉയരം കണക്കിലെടുത്താൽ ഒരു യാത്രാതടസ്സവും ഉണ്ടാകില്ല. മധ്യഭാഗത്ത് ഓരോ വർഷവും ഡ്രഡ്ജിങ് നടത്തുന്നതിന് നാലുകോടി രൂപ വ്യവസ്ഥ ചെയ്തിട്ടുണ്ട്.