മുംബൈ : ഭീകരാക്രമണ സാധ്യതയുണ്ടെന്ന കേന്ദ്ര ഏജന്‍സികളുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ മുംബൈ നഗരത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചു. ജനത്തിരക്കുള്ള സ്ഥലങ്ങളിലും ആരാധനാലയങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചതായാണ് പൊലീസ് അറിയിച്ചു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി മോക്ഡ്രില്ലുകള് സംഘടിപ്പിക്കാനും പൊലീസ് നിര്‍ദേശം നല്കി.
സ്വന്തം അധികാര മേഖലയിലെ സുരക്ഷാ കാര്യങ്ങള്‍ തുടര്‍ച്ചയായി അവലോകനം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശം നല്കി. സംശയകരമായ കാര്യങ്ങളുണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോടും അഭ്യര്‍ഥിച്ചു. രണ്ട് പ്രശസ്ത ആരാധനാലയങ്ങള്‍ ഉള്‍ക്കൊള്ളുന്ന തിരക്കേറിയ ക്രോഫോര്‍ഡ് മാര്‍ക്കറ്റ് ഏരിയയില്‍ പൊലീസ് ഇന്നലെ മോക് ഡ്രില്ലുകള്‍ നടത്തിയിരുന്നു. അതേസമയം,ആഘോഷ കാലമായതിനാലാണ് സുരക്ഷ വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ഗണേശ ചതുര്‍ഥിയോടനുബന്ധിച്ച് പത്തുദിവസം നീണ്ട ആഘോഷപരിപാടികള്‍ക്ക് തയ്യാറെടുക്കകയാണ് ഇപ്പോള്‍ മുംബൈ നഗരം. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നവംബറില്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് സുരക്ഷ വര്‍ധിപ്പിച്ചത്.