ജയ്പുർ: ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ അപരാജിത സെഞ്ച്വറിയുടെയും സന്ദീപ് ശർമയുടെ അഞ്ച് വിക്കറ്റിന്റെയും കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 9 വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസിന്റെ മുന്നേറ്റം. മുംബൈ ഉയർത്തിയ 180 റൺസ് വിജയലക്ഷ്യം കേവലം ഒരു വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ മറികടന്നത്. ഇടയ്ക്ക് മഴ രസംകൊല്ലിയായെങ്കിലും റോയൽസിന്റെ ബാറ്റിൽനിന്ന് റണ്ണൊഴുക്കിന് കുറവുണ്ടായില്ല. അഞ്ച് വിക്കറ്റ് നേടിയ സന്ദീപ് ശർമയാണ് കളിയിലെ താരം. സ്കോർ: മുംബൈ ഇന്ത്യൻസ് – 20 ഓവറിൽ 9ന് 179, രാജസ്ഥാൻ റോയൽസ് – 18.4 ഓവറിൽ 1ന് 183.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ തന്നെ രോഹിത് ശർമയെയും (6), ഇഷൻ കിഷനെയും (0) നഷ്ടമായി. 8 പന്തിൽ 10 റൺസ് മാത്രം നേടി സൂര്യകുമാർ യാദവ് കൂടി പുറത്തായതോടെ മുംബൈ 3ന് 20 എന്ന നിലയിലേക്ക് വീണു. അഞ്ചാം വിക്കറ്റിലൊന്നിച്ച തിലക് വർമയും നേഹൽ വധേരയും ചേർന്നാണ് മുംബൈയെ ഭേദപ്പെട്ട സ്കോറിലേക്കെത്തിച്ചത്. ഇരുവരും ചേർന്ന് 99 റൺസ് കൂട്ടിച്ചേർത്തു. നേഹൽ വധേര 24 പന്തിൽ 3 ഫോറും 4 സിക്സും സഹിതം 49 ഉം അർധ സെഞ്ച്വറി നേടിയ തിലക് വർമ 65 റൺസും നേടി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്ക് 10 റൺസ് മാത്രമാണ് നേടാനായത്. സന്ദീപ് ശർമ എറിഞ്ഞ 20–ാം ഓവറിൽ തിലക് വർമ ഉൾപ്പെടെ മൂന്നു മുംബൈ ബാറ്റർമാരാണ് പുറത്തായത്. ടിം ഡേവിഡ് (3), ജെറാൾഡ് കോട്സീ (0) എന്നിവർ നിരാശപ്പെടുത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിനു വേണ്ടി ഓപ്പണർമാർ തകർത്തടിച്ചാണ് തുടങ്ങിയത്. ആദ്യ വിക്കറ്റിൽ 74 റൺസ് നേടി നിൽക്കേ ബട്ലറെ ക്ലീൻ ബോൾഡാക്കി പിയുഷ് ചൗളയാണ് ഈ കൂട്ടുകെട്ട് തകർത്തത്. പിന്നീടിറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസൺ ജയ്സ്വാളിന് മികച്ച പിന്തുണയാണ് നൽകിയത്. 59 പന്തിലാണ് ജയ്സ്വാൾ സെഞ്ചറി പൂർത്തിയാക്കിയത്. ആകെ 60 പന്തിൽ 9 ഫോറും 7 സിക്സും സഹിതം 104 റൺസാണ് താരം അടിച്ചു കൂട്ടിയത്. സഞ്ജു 28 പന്തിൽ 38 റൺസുമായി പുറത്താകാതെ നിന്നു. 14 പോയിന്റുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്തും 6 പോയിന്റുമായി മുംബൈ ഏഴാം സ്ഥാനത്തുമാണ്.