മുംബൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ ഇത്തവണ സീസണിലെ തങ്ങളുടെ അവസാന മത്സരവും തോറ്റ് മുംബൈ ഇന്ത്യൻസ്. ലക്നോ സൂപ്പർ ജയന്റ്സിനോട് 18 റണ്‍സിനാണ് മുംബൈ തോറ്റത്. സ്കോർ: ലക്നോ 214-6 (20), മുംബൈ 196-6 (20).
സീസണിലെ മുംബൈയുടെ 10-ാം തോൽവിയായിരുന്നു ഇത്. ഇതോടെ നാല് മത്സരങ്ങൾ ജയിച്ച് എട്ടു പോയന്റുമായി അവസാന സ്ഥാനക്കാരായി മുംബൈയുടെ സീസണ് അവസാനിച്ചു. 14 കളികളിൽ നിന്ന് 14 പോയിന്റ് നേടി ആറാം സ്ഥാനത്തെത്തിയ ലക്നോ പ്ലേ ഓഫ് കാണാതെ പുറത്തായി.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ നിക്കോളാസ് പൂരന്റെ വെടിക്കെട്ട് പ്രകടനത്തിലൂടെയാണ് മികച്ച നിലയിലെത്തിയത്. പൂരൻ 29 പന്തിൽ 75 റണ്‍സെടുത്തു. നായകൻ കെ.എൽ. രാഹുൽ 41 പന്തിൽ 55 റണ്‍സെടുത്തു. സ്റ്റോയിൻ 28 റണ്‍സും ആയൂഷ് ബദോനി പുറത്താകാതെ 22 റണ്‍സും നേടി.
മുംബൈയ്ക്കായി തുഷാരയും പിയുഷ് ചൗളയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ മികച്ച തുടക്കത്തിനു ശേഷമാണ് മത്സരം കൈവിട്ടത്.38 പന്തിൽ നിന്ന് മൂന്ന് സിക്സും 10 ഫോറുമടക്കം 68 റണ്‍സെടുത്ത രോഹിത് ശർമയാണ് ടീമിന്റെ ടോപ് സ്കോറർ. 20 പന്തിൽ നിന്ന് 23 റണ്‍സെടുത്ത ഡെവാൾഡ് ബ്രെവിസിനെ കൂട്ടുപിടിച്ച് രോഹിത് ഓപ്പണിംഗ് വിക്കറ്റിൽ 88 റണ്‍സ് ചേർത്തിരുന്നു. എന്നാൽ പിന്നീട് വന്നവർക്കൊന്നും ടീമിനെ മുന്നോട്ടുനയിക്കാനായില്ല.
ഏഴാമനായി ഇറങ്ങിയ നമൻ ധീർ നടത്തിയ വെടിക്കെട്ടാണ് മുംബൈയെ വലിയ തോൽവിൽനിന്നും രക്ഷിച്ചത്. വെറും 28 പന്തുകൾ കളിച്ച നമൻ അഞ്ചു സിക്സും നാല് ഫോറുമടക്കം 62 റണ്‍സോടെ പുറത്താകാതെ നിന്നു. ലക്നോവിനായി രവി ബിഷ്ണോയിയും നവീൻ ഉൾ ഹഖും രണ്ടു വിക്കറ്റ് വീഴ്ത്തി.